'പെരിന്തൽമണ്ണ SNDP കോളേജ് മലപ്പുറത്താണ്,അനുവദിച്ചത് സൂപ്പി സാഹിബും, അത് വെള്ളാപ്പള്ളിയെ അറിയിച്ചുകൊടുക്കണേ'

'യുഡിഎഫിന്റെ ആ നല്ല കാലം വരട്ടെ, എസ്എൻഡിപിക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക് മലപ്പുറം ജില്ലയിൽ ഇനിയും കൊണ്ടു വരാം'

കോഴിക്കോട്: മലബാറിലെ മൂന്ന് ജില്ലകളിൽ തങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിൽ പ്രതികരണവുമായി നജീബ് കാന്തപുരം എംഎൽഎ. തന്റെ നിയോജക മണ്ഡലത്തിൽ ഭംഗിയായി പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജാണ് പെരിന്തൽമണ്ണ എസ്എൻഡിപി കോളേജെന്നും അത് മലപ്പുറം ജില്ലയിൽ തന്നെയാണെന്ന് വെള്ളാപ്പള്ളിയെ അറിയിച്ച് കൊടുക്കണേയെന്നും നജീബ് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.

2002 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്.ഏതായാലും യുഡിഎഫിന്റെ ആ നല്ല കാലം വരട്ടെ. എസ്എൻഡിപിക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക് മലപ്പുറം ജില്ലയിൽ ഇനിയും കൊണ്ടു വരാമെന്നും നജീബ് കാന്തപുരം കുറിച്ചു.

നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്…

എന്റെ നിയോജക മണ്ഡലത്തിലെ പെരിന്തൽമണ്ണയിൽ ഭംഗിയായി പ്രവർത്തിക്കുന്ന സ്വാശ്രയ കോളജാണ് പെരിന്തൽമണ്ണ എസ്എൻഡിപി കോളജ്. 2002 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്. പെരിന്തൽമണ്ണ മലപ്പുറം ജില്ലയിൽ തന്നെയാണെന്ന് സഖാവ് വെള്ളാപ്പള്ളിയെ ഒന്ന് അറിയിച്ച് കൊടുക്കണേ. ഏതായാലും യു.ഡി.എഫിന്റെ ആ നല്ല കാലം വരട്ടെ. എസ്എൻഡിപിക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക് മലപ്പുറം ജില്ലയിൽ ഇനിയും കൊണ്ടു വരാം.കുട്ടികൾ പഠിച്ച് വളരട്ടെ..

മലപ്പുറത്ത് എസ്എൻഡിപിക്ക് സ്‌കൂൾ തുടങ്ങാനാവുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ ഇന്ന് വർക്കലയിൽവെച്ച് മാധ്യമങ്ങളോട് പറഞ്ഞത്. സ്ഥലം കിട്ടാത്തതാണോ തടസമെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ സ്ഥലമുണ്ട് അനുമതി കിട്ടുന്നില്ല എന്നായിരുന്നു വെള്ളാപ്പള്ളി മറുപടി പറഞ്ഞത്. ഒമ്പത് വർഷമായി പിണറായി സർക്കാർ അല്ലേ ഭരിക്കുന്നത് എന്ന് റിപ്പോർട്ടർ ടിവിയുടെ മാധ്യമപ്രവർത്തകൻ ചോദിച്ചതും വെള്ളാപ്പള്ളി ക്ഷുഭിതനായി മൈക്ക് തട്ടിമാറ്റിയിരുന്നു.

Content Highlights : Najeeb Kanthapuram reacts on Vellapally Natesan malappuram statement

To advertise here,contact us