അങ്ങനെ ഒരു അപേക്ഷയോ ഉത്തരവോ ഉണ്ടെങ്കിൽ പുറത്തുവീടൂ; അവാസ്തവങ്ങൾ പ്രചരിപ്പിക്കരുത്: കടകംപള്ളി സുരേന്ദ്രൻ

'കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല'

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മൊഴിയെടുത്തതിന് പിന്നാലെ പ്രചരിച്ച വാര്‍ത്തകര്‍ക്കെതിരെ മുന്‍ ദേവസ്വം വകുപ്പ് മന്ത്രിയും കഴക്കൂട്ടം എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍. ചില മാധ്യമങ്ങള്‍ സങ്കല്‍പകഥകള്‍ ചമയ്ക്കുകയാണ്. ഇതിനോട് പ്രതികരിക്കേണ്ട എന്നാണ് കരുതിയതെന്നും ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് ചില കാര്യങ്ങള്‍ പറയാം എന്ന് തീരുമാനിച്ചതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് താന്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് മുന്നില്‍ ഹാജരായതെന്നും അത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേര്‍ന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് തന്റെ മൊഴി രേഖപ്പെടുത്തിയത്. എംഎല്‍എ ബോര്‍ഡ് വെച്ച, താന്‍ സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് താന്‍ അവിടെ എത്തിയതും മൊഴി നല്‍കിയ ശേഷം തന്റെ ഓഫീസിലേക്ക് മടങ്ങിപ്പോയതും. ഇതൊക്കെ പകല്‍വെളിച്ചത്തില്‍ നടന്ന കാര്യങ്ങളാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ അപേക്ഷയിന്മേല്‍ അദ്ദേഹത്തെ സഹായിക്കണമെന്ന് താന്‍ എഴുതി ഒപ്പിച്ചു നല്‍കി എന്നാണ് ഒരു മാധ്യമം വാര്‍ത്ത നല്‍കിയത്. ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. എല്ലാ മാധ്യമങ്ങളുടെയും കയ്യില്‍ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. അത്തരത്തില്‍ താന്‍ കുറിപ്പെഴുതിയ ഒരു അപേക്ഷ ഉണ്ടെങ്കില്‍ അത് പുറത്തുവിടാന്‍ തയ്യാറാകണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സഹായം ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതായി സ്വര്‍ണപ്പാളി കൈമാറാന്‍ ഉത്തരവിട്ട ഫയലുകളില്‍ പരാമര്‍ശമുണ്ട് എന്നാണ് ഉയര്‍ന്ന മറ്റൊരു ആരോപണം. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കില്‍ അതും പുറത്തുവിടണം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ താന്‍ മണ്ഡലത്തില്‍ വീട്‌വെച്ചു കൊടുത്തു എന്നും ആരോപണം ഉയര്‍ന്നിരുന്നു. തന്റെ മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെ പേര്‍ക്ക് സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ തനിക്ക് കഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍ അതില്‍ ഒന്നുപോലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിര്‍മ്മിച്ചതല്ല. ഇനി മറിച്ച് അത്തരത്തിലൊരു വീട് നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആ വീടും അതിലെ ഗുണഭോക്താക്കളെയും ജനങ്ങളെ കാണിക്കാനുള്ള മനസ് കാണിക്കണമെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയ വിവരം അറിയാന്‍ വൈകിയതിന്റെ പരിഭ്രമത്തിലാവണം ചില മാധ്യമങ്ങള്‍ സങ്കല്പകഥകള്‍ ചമയ്ക്കുന്നത്. ഇതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്, എന്നാല്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിര്‍ബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങള്‍ വ്യക്തമാക്കാം. കഴിഞ്ഞ ശനിയാഴ്ചയാണ് ഞാന്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് (SIT) മുന്നില്‍ ഹാജരായത്. അത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേര്‍ന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എന്റെ മൊഴി രേഖപ്പെടുത്തിയത്. എംഎല്‍എ ബോര്‍ഡ് വെച്ച, ഞാന്‍ സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് ഞാന്‍ അവിടെ എത്തിയതും, മൊഴി നല്‍കിയ ശേഷം എന്റെ ഓഫീസിലേക്ക് മടങ്ങിപ്പോയതും. ഇതൊക്കെ പകല്‍വെളിച്ചത്തില്‍ നടന്ന കാര്യങ്ങളാണ്.

ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ അപേക്ഷയിന്മേല്‍ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാന്‍ എഴുതി ഒപ്പിട്ടു നല്‍കി എന്നാണ്. ശബരിമല സ്വര്‍ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. എല്ലാ മാധ്യമങ്ങളുടെയും കയ്യില്‍ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. അത്തരത്തില്‍ ഞാന്‍ കുറിപ്പെഴുതിയ ഒരു അപേക്ഷ ഉണ്ടെങ്കില്‍ അത് പുറത്തുവിടാന്‍ നിങ്ങള്‍ ഹൃദയ വിശാലത കാണിക്കണം.

മറ്റൊരു ആരോപണം, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സഹായം ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതായി സ്വര്‍ണ്ണപ്പാളി കൈമാറാന്‍ ഉത്തരവിട്ട ഫയലുകളില്‍ പരാമര്‍ശമുണ്ട് എന്നാണ്. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കില്‍ അതും നിങ്ങള്‍ പുറത്തുവിടൂ, ജനങ്ങള്‍ കാണട്ടെ. ഇനി മാധ്യമങ്ങളുടെ അടുത്ത 'കണ്ടെത്തല്‍', ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഞാന്‍ മണ്ഡലത്തില്‍ വീട് വെച്ചു കൊടുത്തു എന്നാണ്. എന്റെ മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെ പേര്‍ക്ക് സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ എനിക്ക് കഴിഞ്ഞു എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍ അതില്‍ ഒന്നുപോലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിര്‍മ്മിച്ചതല്ല. ഇനി മറിച്ച് അത്തരത്തിലൊരു വീട് നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആ വീടും അതിലെ ഗുണഭോക്താക്കളെയും ജനങ്ങളെ കാണിക്കാനുള്ള 'വലിയ മനസ്സെങ്കിലും' നിങ്ങള്‍ കാണിക്കണം. അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല. Ps: സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയില്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Content Highlights- Don't spread fake news says kadakampally surendran over sabarimala gold theft case

To advertise here,contact us