ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ വിവാദ പ്രസംഗം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോര്‍ട്ട് തേടി കോടതി

മാളികപ്പുറത്തമ്മയുടെ കണ്ണുനീര്‍ പ്രളയമായി ഒഴുകിയെന്ന് പരിഹസിച്ചതായും പരാതിയില്‍ പറയുന്നു

കൊല്ലം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോര്‍ട്ട് തേടി കോടതി. കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (III)യുടേതാണ് നടപടി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ വിവാദ പ്രസംഗത്തിനെതിരായ പരാതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ സ്വരാജിനെതിരെ പരാതി നല്‍കിയിരുന്നു. അയ്യപ്പന്റെ ബ്രഹ്‌മചര്യം അവസാനിച്ചുവെന്ന പ്രസ്താവനക്കെതിരെയായിരുന്നു വിഷ്ണു പരാതി നല്‍കിയത്. മാളികപ്പുറത്തമ്മയുടെ കണ്ണുനീര്‍ പ്രളയമായി ഒഴുകിയെന്ന് പരിഹസിച്ചതായും പരാതിയില്‍ പറയുന്നു.

2018ലെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരാതിക്കൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയത്. വിഷയത്തില്‍ കൊല്ലം വെസ്റ്റ് എസ്എച്ച്ഒയ്ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വിഷ്ണു പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

Content Highlights: Court asked report from police on M Swaraj Sabarimala speech

To advertise here,contact us