'നാഗ്പൂരിൽ അറസ്റ്റിലായ വൈദികനും ഭാര്യയുമായി ബന്ധപ്പെടാനാകുന്നില്ല, മകൾ എവിടെയെന്ന് അറിയില്ല'; ആശങ്കയിൽ കുടുംബം

സുധീറിനെയും ഭാര്യയെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇവരുടെ മകള്‍ ഇപ്പോള്‍ എവിടെയാണ് എന്ന് അറിയില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്

തിരുവനന്തപുരം: നാഗ്പൂരില്‍ വൈദികനും കുടുംബവും അറസ്റ്റിലായ സംഭവത്തില്‍ ആശങ്കയുണ്ടെന്ന് കുടുംബാംഗങ്ങള്‍. സുധീറിനെയും ഭാര്യയെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇവരുടെ മകള്‍ ഇപ്പോള്‍ എവിടെയാണ് എന്ന് അറിയില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. അവര്‍ ഒരിക്കലും മതപരിവര്‍ത്തനം ചെയ്യില്ലെന്നും എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് പോലും അറിയില്ലെന്നും സുധീറിന്റെ സഹോദരിമാര്‍ പറഞ്ഞു.

'സുധീര്‍ വൈദിക ജോലിയില്‍ പ്രവേശിച്ചിട്ട് പത്തുവര്‍ഷത്തിന് മുകളിലായി. കഴിഞ്ഞ 5 വര്‍ഷമായി കുടുംബം നാഗ്പൂരിലാണ്. മതപരിവര്‍ത്തനം ഒരിക്കലും അവര്‍ ചെയ്യില്ല. അത്തരം പ്രവര്‍ത്തികള്‍ അവിടെ ഉണ്ടായിട്ടില്ല. എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് പോലും അറിയില്ല. വാര്‍ത്തകളിലൂടെയാണ് വിവരങ്ങള്‍ അറിയുന്നത്. നാഗ്പൂരിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് ഞങ്ങള്‍': സുധീറിന്റെ സഹോദരിമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

നാഗ്പൂരില്‍ വൈദികനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയും ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചിട്ടുണ്ട്. അറസ്റ്റ് മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്നും നീതിയുക്തമായ അന്വേഷണം നടക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് കത്തില്‍ പറയുന്നുണ്ട്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ടാണ് കൊടിക്കുന്നില്‍ സുരേഷ് കത്തയച്ചത്.

മതംമാറ്റം ആരോപിച്ച് മലയാളി ക്രൈസ്തവ പുരോഹിതനും ഭാര്യയുമടക്കം ആറുപേരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത സംഭവം അത്യന്തം അസ്വസ്ഥത ഉളവാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ജബല്‍പൂരില്‍ കണ്ടതിന് സമാനമായി ന്യൂനപക്ഷങ്ങളെ ധ്രുവീകരിക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ പിന്തുടരുന്ന ആശങ്കാജനകമായ ഒരു രീതിയാണിതെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

സിഎസ്‌ഐ നാഗ്പൂര്‍ മിഷനിലെ ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍, മറ്റ് നാലുപേര്‍ എന്നിവരെയാണ് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഷിംഗോഡിയിലാണ് സംഭവം. ഇന്നലെ രാത്രി എട്ടുമണിയോടെ പ്രദേശത്തെ ഒരു വീട്ടില്‍ ക്രിസ്മസ് പ്രാര്‍ത്ഥനായോഗം നടക്കുന്നതിനിടെയാണ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. ഫാ. സുധീര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് സിഎസ്‌ഐ ദക്ഷിണ മേഖലാ മഹായിടവക അറിയിച്ചു.

Content Highlights: Couldnt contact with sudheer and wife says family of priest arrested in nagpur

To advertise here,contact us