തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം കൈമാറാനെത്തിയ പെന്തകോസ്ത് സംഘത്തെ ബിജെപി പ്രവര്ത്തകന് ഭീഷണിപ്പെടുത്തിയതായി പരാതി. ആറ്റിങ്ങല് അഴൂരിലെ പെരുങ്കുഴിയിലാണ് സംഭവം. സംഘത്തെ ഭീഷണിപ്പെടുത്തി പരിപാടി തടസ്സപ്പെടുത്തുന്ന ദൃശ്യങ്ങള് റിപ്പോര്ട്ടറിന് ലഭിച്ചു.
'മൈക്ക് ഓഫ് ചെയ്യണം, ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത്. ഇതൊന്നും ഇവിടെ വേണ്ട' എന്നാണ് ബിജെപി പ്രവര്ത്തകന്റെ ഭീഷണി. അഴൂര് പഞ്ചായത്തും പെരുങ്കുഴി വാര്ഡും ഭരിക്കുന്നത് ബിജെപിയാണ്.
'മദ്യപിക്കുകയോ മദ്യപിക്കാതിരിക്കുകയോ ചെയ്തോളൂ. ഓഫ് ചെയ്യണം. ഇവിടെ വേണ്ട. നിങ്ങള് സഭയില് നിന്നാണ് വരുന്നത്. ഇവിടെ ഒരു ക്രിസ്ത്യാനികളും പെന്തക്കോസ്തും ഇല്ല', എന്നായിരുന്നു ബിജെപി പ്രവര്ത്തകന്റെ ഭീഷണി.
അതിനിടെ സ്ഥലത്തെത്തിയ സിപിഐഎം പ്രവര്ത്തകന് വിഷയത്തില് ഇടപെട്ട് പരിപാടി തുടരാന് ആവശ്യപ്പെട്ടതായി പാസ്റ്റര് ഷൈജു വെള്ളനാട് റിപ്പോര്ട്ടറിനോട് പറഞ്ഞു. എല്ലാവര്ക്കും സ്വാതന്ത്ര്യമുള്ള രാജ്യമാണെന്നും അവര് പരിപാടി അവതരിപ്പിക്കും എന്നുമാണ് സിപിഐഎം പ്രവര്ത്തകന് പറഞ്ഞത്. 'ചേട്ടാ എല്ലാവര്ക്കും സ്വാതന്ത്ര്യമുള്ള രാജ്യത്താണ് നമ്മള് ജീവിക്കുന്നത്, അവര്ക്ക് പറയാനുള്ളത് അവര് പറയും. നിങ്ങള് സന്ദേശം പറയാന് വന്നതല്ലെ പറഞ്ഞോളൂ', എന്നാണ് സിപിഐഎം പ്രവര്ത്തകന് ഇടപെട്ട് പറഞ്ഞത്. അതും ദൃശ്യത്തില് വ്യക്തമാണ്.
Content Highlights: BJP worker threatened a pentecost group in Thiruvananthapuram