പാലക്കാട്: പാലക്കാട് എലപ്പുള്ളി തേനാരിയില് ഒകരംപള്ളത്ത് യുവാവിനെ പോസ്റ്റില് കെട്ടിയിട്ട് മര്ദിച്ചു. ഒകരംപള്ളം സ്വദേശി വിപിനാണ് മര്ദനമേറ്റത്. ഒകരംപളളം സ്വദേശികളായ ശ്രീകേഷ് (24), ആലാമരം സ്വദേശി ഗിരീഷ് എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും വിപിന്റെ സുഹൃത്തുക്കളും നിരവധി കേസിലെ പ്രതികളുമാണ്.
ശ്രീകേഷിന്റെ വീട്ടില് നടന്ന ആക്രമണത്തില് വിപിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മര്ദനം. പ്രതികളെ റിമാന്ഡ് ചെയ്തു. വാളയാര് അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളി ആള്ക്കൂട്ട മര്ദനത്തിനിരയായ അതേ ദിവസമാണ് വിപിന് ആക്രമണത്തിനിരയായത്.
ഡിസംബര് 9 ന് ശ്രീകേഷിന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു. സുഹൃത്തായിരുന്നു ആക്രമണത്തില് പ്രതി. പ്രതിക്കൊപ്പം അന്ന് വിപിനും വീട്ടിലെത്തിയിരുന്നുവെന്ന് ആരോപിച്ചായിരുന്നു മര്ദ്ദനം. വടിക്കൊണ്ട് മര്ദിച്ചതിനൊപ്പം അസഭ്യം വിളിക്കുന്നതും റിപ്പോര്ട്ടറിന് ലഭിച്ച ദൃശ്യത്തില് വ്യക്തമാണ്. ഒരു സ്ത്രീ പ്രതികളെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നുണ്ടെങ്കിലും പിന്മാറാന് തയ്യാറായിരുന്നില്ല.
അതേസമയം, വിപിന് ശ്രീകേഷിന്റെ വീട്ടുപരിസരത്ത് പോയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. മര്ദനമേറ്റതില് വിപിന് പൊലീസില് പരാതി നല്കിയിരുന്നില്ല. പിന്നീട് പൊലീസ് ഇടപെട്ട് പരാതി എഴുതിവാങ്ങുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Content Highlights: young man was tied to a post and beaten in Elappulli Palakkad