തൃശൂര്: ചൊവ്വന്നൂരില് വീണ്ടും നടപടി. വര്ഗീസ് ചൊവ്വന്നൂരിനെ കോണ്ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്തു. ഡിസിസി നിര്വാഹക സമിതി അംഗമായിരുന്നു വര്ഗീസ്. കോൺഗ്രസ് നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച പാർട്ടിയെ പ്രതിസന്ധിയിൽ ആക്കി എന്ന് ആരോപിച്ചാണ് നടപടി. എസ്ഡിപിഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ കോണ്ഗ്രസ് ചൊവ്വന്നൂര് പഞ്ചായത്തില് അധികാരത്തിലെത്തിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബേറ്റ വര്ഗീസിന്റെ ഭാര്യയാണ്.
ഈ സംഭവത്തില് വര്ഗീസ് ചൊവ്വന്നൂരിന് കാരണം കാണിക്കല് നോട്ടീസ് നല്കിയിരുന്നു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റാണ് നോട്ടീസ് നല്കിയത്. എന്നാല് മുന് ധാരണ പ്രകാരമാണ് എസ്ഡിപിഐ കോണ്ഗ്രസിന് പിന്തുണ നല്കിയതെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് നല്കിയ വിശദീകരണം.
തൃശ്ശൂര് ചൊവ്വന്നൂരിലും തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലും മുന്ധാരണ പ്രകാരമാണ് കോണ്ഗ്രസിന് പിന്തുണ നല്കിയതെന്ന് ലത്തീഫ് പറഞ്ഞു. ബിജെപി അധികാരത്തില് വരാതിരിക്കാനുള്ള സമീപനമാണ് എസ്ഡിപിഐ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എസ്ഡിപിഐ പിന്തുണയോടെ കോണ്ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ പ്രസിഡന്റായ നിതീഷിനോടും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെബേറ്റ വര്ഗീസിനോടും രാജി വെക്കാന് ആവശ്യപ്പെട്ടിരുന്നു. എന്നാല് ഇരുവരും വഴങ്ങാതെ വന്നതോടെ പാര്ട്ടിയില് നിന്നും പുറത്താക്കിയിരുന്നു.
Content Highlights: Varghese Chovannoor suspended from primary membership of Congress