പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

കടുവയെ വൈദ്യപരിശോധനയ്ക്ക് ശേഷം കാട്ടില്‍ സുരക്ഷിതമായ സ്ഥലത്തെത്തിച്ച് തുറന്നുവിടും

പത്തനംതിട്ട: ചിറ്റാര്‍ വയ്യാറ്റുപുഴയില്‍ വില്ലൂന്നിപ്പാറയിലെ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു. ചെറിയ ഡോസ് മയക്കുവെടി വെച്ച് കടുവയെ മയക്കി വലയില്‍ കുടുക്കി. തുടര്‍ന്ന് വല ഉയര്‍ത്തി കടുവയെ പുറത്തെടുക്കുകയായിരുന്നു. വനപാലകര്‍ കടുവയെ 150 മീറ്റര്‍ അകലെയുളള വാഹനത്തിലേക്ക് എടുത്തുകൊണ്ടുപോയി പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്ക് ശേഷം കാട്ടില്‍ സുരക്ഷിതമായ സ്ഥലത്തെത്തിച്ച് തുറന്നുവിടും. 8 വയസ് പ്രായമുളള കടുവയ്ക്ക് 400 കിലോ ഭാരമുണ്ടെന്നാണ് വിവരം. കടുവയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റില്‍ കടുവ വീണത്. പുലര്‍ച്ചെയോടെ കിണറ്റില്‍ നിന്ന് വലിയ ശബ്ദം കേട്ട സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ വീണ നിലയില്‍ കടുവയെ കണ്ടെത്തിയത്. റാന്നി വനം ഡിവിഷനില്‍ വടശ്ശേരിക്കര റേഞ്ചില്‍ തണ്ണിത്തോട് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കടുവയെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തായി പന്നി ഫാം പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ഇവിടെ കടുവയെ കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നുണ്ട്.

വിവരമറിഞ്ഞെത്തിയ വനപാലകര്‍ ആദ്യം കിണറ്റിലെ വെളളം വറ്റിച്ച് കടുവയെ പുറത്തെടുക്കാനാണ് ശ്രമം നടത്തിയത്. ആഴം കുറഞ്ഞ കിണറായതിനാല്‍ കടുവയെ പുറത്തെടുക്കുക ദുഷ്‌കരമായ പ്രവര്‍ത്തനമായിരുന്നു. എന്നാല്‍ കിണറ്റിനുളളിലെ മോട്ടറിന്റെ പൈപ്പ് ഉള്‍പ്പെടെ കടുവ നശിപ്പിച്ചിരുന്നു. ഇതോടെ മയക്കുവെടി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Content Highlights: Tiger rescued from well in Chittar, Pathanamthitta

To advertise here,contact us