മതചിഹ്നങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ല,തെറ്റായ വ്യാഖ്യാനങ്ങളിൽ നിന്ന് വിട്ട് നിൽക്കണം:സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്

സർക്കാരിൻ്റെ സുവർണ കേരളം ഭാഗ്യക്കുറിയിൽ ആലേഖനം ചെയ്ത ചിത്രം വിവാദമായതിന് പിന്നാലെ പ്രതികരിച്ച് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ ആലേഖനം ചെയ്ത ചിത്രത്തിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ലോട്ടറി ടിക്കറ്റില്‍ ഏതെങ്കിലും തരത്തില്‍ മതചിഹ്നങ്ങളുടെ പ്രകാശനമോ ദുരുപയോഗമോ നടത്തിയിട്ടില്ലെന്ന് ഭാഗ്യക്കുറി വകുപ്പ് പറഞ്ഞു.

അബ്‌സ്ട്രാക്ട് രീതിയിള്ള പെയിന്റിങ്ങാണ് ലോട്ടറി ടിക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിലുള്ള രൂപങ്ങളുടെ നിര്‍വചനം സാധ്യമല്ല. വിഷയത്തിലുള്ള തെറ്റായ വ്യാഖ്യാനങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണം. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉപജീവനമാര്‍ഗവും ആശ്വാസവുമാണ് സംസ്ഥാന ഭാഗ്യക്കുറിപ്പ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. അതിനോട് സഹകരണം ഉണ്ടാകണമെന്നും ഭാഗ്യക്കുറി വകുപ്പ് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനായി ലളിതകലാ അക്കാദമിയും ഭാഗ്യക്കുറി വകുപ്പും കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ആര്‍ട്ടിസ്റ്റുകളുടെ പെയിന്റിങ്ങുകളാണ് ലളിതകലാ അക്കാദമി ഭാഗ്യക്കുറി വകുപ്പിന് ലഭ്യമാക്കുന്നത്. ഇത്തരത്തില്‍ നിരവധി പെയിന്റിങ്ങുകള്‍ ലോട്ടറിയില്‍ അച്ചടിച്ചുവന്നിരുന്നു. ഇത്തരത്തില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രസിദ്ധീകരിച്ച എസ് കെ 34 സീരിസിലെ സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ പ്രസിദ്ധീകരിച്ച ചിത്രമായിരുന്നു വിവാദമായത്.

ലോട്ടറിയില്‍ പതിച്ച ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദിയായിരുന്നു പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഹിന്ദുക്കളെ അധിക്ഷേപിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്‍ വി ബാബുവാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ലോട്ടറി രൂപകല്‍പന, അച്ചടി, പ്രസിദ്ധീകരണം എന്നിവയ്ക്ക് പിന്നിലുള്ള ആളുകള്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

വിഷയത്തില്‍ പ്രതികരണവുമായി ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ ടി എസ് ശ്യാംകുമാര്‍ രംഗത്തെത്തിയിരുന്നു. കേരള സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റില്‍ ശിവലിംഗത്തില്‍ ആര്‍ത്തവ രക്തം വന്നുവീഴുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത് 'ഹിന്ദുക്കളെ അപമാനിക്കാനാണ്' എന്ന രീതിയിലുള്ള പ്രചാരണം ശക്തമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ഒന്നാമതായി മനസിലാക്കേണ്ടത് പ്രാചീനതന്ത്ര പാരമ്പര്യത്തില്‍ ആര്‍ത്തവ രക്തം അശുദ്ധമാണെന്ന സങ്കല്‍പം ഉണ്ടായിരുന്നില്ല എന്നാണെന്നും ശ്യാംകുമാര്‍ പറഞ്ഞു. പ്രാചീന തന്ത്ര ഗ്രന്ഥമായ ജയദ്രഥ യാമളത്തില്‍ ത്രിശൂലത്തില്‍ ശക്തിയെ ആവാഹിച്ച് അതില്‍ ആര്‍ത്തവ രക്തം അഭിഷേകം ചെയ്യുന്നതിനെ സംബന്ധിച്ച കൃത്യമായ വിവരണങ്ങള്‍ കാണാം. ചെങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന തൃപ്പൂത്ത് ചടങ്ങുകള്‍ ദേവിയുടെ ആര്‍ത്തവാനുഷ്ഠാനത്തിന്റെ ഭാഗമാണ്. ആര്‍ത്തവം സ്ത്രീ ശരീരത്തെ അശുദ്ധമാക്കുന്നു എന്ന് സിദ്ധാന്തിച്ചത് ധര്‍മശാസ്ത്രങ്ങളാണ്. ശാങ്കരസ്മൃതിയില്‍ ആര്‍ത്തവമുള്ള സ്ത്രീ കണ്ണെഴുതുകയോ പൊട്ടുകുത്തുകയോ ചെയ്യാന്‍ പാടില്ലെന്നും വീട്ടിലെ യാതൊരു വസ്തുക്കളെയും സ്പര്‍ശിക്കരുതെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇന്ത്യയിലെ വൈവിധ്യ പൂര്‍ണമായ ആരാധനാ സമ്പ്രദായങ്ങളെ തമസ്‌ക്കരിച്ച് ഏകശിലാത്മകമായ ഒരു മത രൂപം സൃഷ്ടിക്കുന്നത് ഇന്ത്യയിലെ പ്രാചീന തന്ത്ര പാരമ്പര്യത്തിന്റെ ചരിത്രം മറച്ചുവച്ചുകൊണ്ട് സ്മൃതി മതം അടിച്ചേല്‍പിക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights- State lottery department reaction over a picture that used in suvarna keralam ticket

To advertise here,contact us