സ്വർണ്ണക്കൊള്ളയിൽ റിമാൻഡിലായവർക്കെതിരെ നടപടിയെടുക്കാൻ CPIM നേതാക്കളുടെ മുട്ടുവിറയ്ക്കും; വി ഡി സതീശൻ

തെരഞ്ഞെടുപ്പ് കഴിയും വരെ കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന ആരോപണവുമായി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ആരും നിഷ്‌കളങ്കർ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് കഴിയും വരെ കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും അദ്ദേഹത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്നും സതീശൻ ആരോപിച്ചു.

ദേവസ്വം ബോർഡ് പ്രസിഡന്റുമായും അംഗങ്ങളുമായും പോറ്റിയെ ബന്ധപ്പെടുത്തിയതിൽ അന്നത്തെ വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രന് പങ്കുണ്ട്. അദ്ദേഹത്തെ ചോദ്യം ചെയ്യാതിരിക്കാൻ പറ്റില്ല. കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോൾ ചോദ്യം ചെയ്യൽ സംഭവിച്ചത്. കടകംപള്ളിയുടെ ചോദ്യം ചെയ്യൽ എന്തിനാണ് രഹസ്യമാക്കിവെച്ചത്. എത്ര ഒളിപ്പിച്ചുവെച്ചാലും ഇതെല്ലാം പുറത്തുവരും. തുടർനടപടി ഉണ്ടാകട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു.

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ താൻ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാൽ എസ്‌ഐടിക്കുമേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തുന്നുണ്ട് എന്നുമാത്രമാണ് പറഞ്ഞത്. ഇപ്പോഴും എസ്‌ഐടിയിൽ വിശ്വാസമുണ്ട്. അവർ നല്ലരീതിയിൽ നടപടികൾ പൂർത്തിയാക്കട്ടെ. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തരുതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

ശബരിമലയിലെ എല്ലാ കാര്യങ്ങളിലും സർക്കാർ ഇടപെടാറുണ്ട്. എല്ലാ അമ്പലങ്ങളുടെയും കാര്യത്തിൽ സർക്കാർ ഇടപെടാറില്ല എന്നതാണ് സത്യം. സ്വർണ്ണക്കൊള്ളയിൽ നിലവിൽ മൂന്ന് സിപിഐഎം നേതാക്കളാണ് ജയിലിലുള്ളത്. എന്നിട്ടും ഒരാൾക്കെതിരെയും നടപടി എടുക്കില്ലെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറയുന്നത്. അവർക്കെതിരെ നടപടി എടുത്താൽ പൈങ്കിളി തലക്കെട്ടുവരുമെന്ന് ഗോവിന്ദൻ പറയുന്നു. ശബരിമലയിലെ അയ്യപ്പന്റെ സ്വർണം കട്ടെടുത്തത് പൈങ്കിളിയാണോ?. സ്വർണം കട്ടവരെ സഹായിക്കുകയും അവർക്ക് കുടപിടിച്ചു കൊടുക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. അതാണ് സത്യം, വി ഡി സതീശൻ പറഞ്ഞു.

കേസിൽ കോടതി ജാമ്യം പോലും കൊടുക്കാത്തവർക്കെതിരെ സിപിഐഎം നടപടി സ്വീകരിച്ചിട്ടില്ല. കൂടുതൽ നേതാക്കളുടെ പേര് പുറത്തുവരുമെന്ന പേടിയാണ് അവർക്ക്, നടപടിയെടുക്കാൻ സിപിഐഎം നേതാക്കളുടെ മുട്ടുവിറക്കും. കൂടുതൽ നേതാക്കളുടെ പേര് റിമാൻഡിൽ ആയവർ പറയുമെന്ന ഭയമുണ്ട് സർക്കാരിന്. എവിടെചെന്ന് നിൽക്കുമെന്നോ ആരെല്ലാം പണം കൈപ്പറ്റിയെന്നോ അവർക്കുപോലുമറിയില്ല. ഇവരാരും നിഷ്‌കളങ്കരല്ലെന്നും വി ഡി സതീശൻ പറഞ്ഞു.

ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. ഇതേ ദിവസം തന്നെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ മന്ത്രി എന്ന നിലയിലാണ് ചോദ്യം ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യൽ കടകംപള്ളി സുരേന്ദ്രൻ സ്ഥിരീകരിച്ചു. 2019 ലെ ദേവസ്വം മന്ത്രിയെന്ന നിലയിലെ കാര്യങ്ങൾ എസ്ഐടി ചോദിച്ചെന്നും എസ്ഐടിക്ക് മറുപടി നൽകിയിട്ടുണ്ടെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.

അതേസമയം കേസില്‍ ദേവസ്വംബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്‍റ് റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. കടകംപള്ളിയാണോ ദൈവതുല്ല്യനെന്ന ചോദ്യത്തിന് ശവംതീനികള്‍ അല്ല എന്നായിരുന്നു പത്മകുമാറിന്‍റെ മറുപടി. ആരാണ് ദൈവതുല്ല്യന്‍ എന്ന ചോദ്യത്തോട് വേട്ടനായ്ക്കള്‍ അല്ലെന്നും മറുപടി പറഞ്ഞു. ഇരയാക്കപ്പെടുന്നുണ്ടോയെന്ന ചോദ്യത്തോട് എല്ലാം അയപ്പന്‍ നോക്കിക്കൊള്ളും എന്നായിരുന്നു പ്രതികരണം. പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ ജനുവരി ഏഴിന് വിധി പറയും. കേസില്‍ എസിഐടി സംഘം വിപുലീകരിച്ചു. രണ്ട് സിഐമാരെക്കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്. ഇതോടെ എസ്‌ഐടിയില്‍ പത്ത് അംഗങ്ങളായി. സംഘം വിപുലീകരിക്കണമെന്ന എസ്‌ഐടി ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കോടതി അംഗീകാരം നല്‍കുകയും രണ്ട് സിഐമാരെ കൂടി ഉള്‍പ്പെടുത്തുകയുമായിരുന്നു.

Content Highlights : VD Satheesan reacts on sabarimala gold theft case Kadakampally Surendran investigation team questioning

To advertise here,contact us