ശബരിമല സ്വര്‍ണക്കൊളള; കേസന്വേഷണം സുതാര്യമാക്കണമെന്ന് കെ മുരളീധരന്‍

കോടതി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് മനസില്ലാ മനസോടെ കടകംപളളിയെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചതെന്നും കെ മുരളീധരൻ പറഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശബരിമല കേസന്വേഷണം സുതാര്യമാക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. തുടര്‍നടപടികള്‍ സസൂഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ആരെയും രഹസ്യമായി ചോദ്യംചെയ്യേണ്ട കാര്യമല്ല ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ കരുണാകരനെ ചോദ്യംചെയ്യുമ്പോൾ പുറത്ത് മാധ്യമങ്ങൾ മുഴുവൻ ഉണ്ടായിരുന്നെന്നും മുൻ മുഖ്യമന്ത്രിയോട് കാണിക്കാത്ത സൗജന്യം കടകംപളളിയോട് കാണിക്കുന്നത് എന്തിനാണെന്ന് മനസിലായില്ലെന്നും മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ചോദ്യംചെയ്യലിനും സുതാര്യതയുണ്ടാവണം. രഹസ്യമായി ചോദ്യംചെയ്യേണ്ട കാര്യങ്ങളല്ല. നേരത്തെ വരവില്‍ കഴിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസ് വന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ എറണാകുളം ഗസ്റ്റ് ഹൗസില്‍ മൂന്ന് മണിക്കൂറാണ് തുടര്‍ച്ചയായി ചോദ്യംചെയ്തത്. എല്ലാ മാധ്യമങ്ങളും അന്ന് പുറത്തുണ്ടായിരുന്നു. അന്ന് മുന്‍ മുഖ്യമന്ത്രിയോട് കാണിക്കാത്ത സൗജന്യം കടകംപളളിയോട് കാണിക്കുന്നത് എന്തിനാണെന്ന് മനസിലായിട്ടില്ല. കോടതി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് മനസില്ലാ മനസോടെ കടകംപളളിയെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അവര്‍ക്ക് ചില പരിമിതികളുണ്ട്. അവര്‍ പിണറായിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഭാവിയില്‍ ദോഷമുണ്ടാക്കും എന്ന ഭയം പൊലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടാകും. എന്തായാലും ഇത്രയും വരെ എത്തിയല്ലോ. പത്മകുമാറിനൊപ്പമുണ്ടായിരുന്ന ശങ്കര്‍ദാസിനെ ചോദ്യംചെയ്തതായി അറിവില്ല. അദ്ദേഹം ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ പിതാവ് കൂടിയാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടമുളളതുകൊണ്ടാണ് ഇത്രയെങ്കിലും എത്തിയത്': കെ മുരളീധരന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളെല്ലാം കടകംപളളി തളളിയിരുന്നു. എല്ലാ തീരുമാനങ്ങളും ദേവസ്വം ബോര്‍ഡിന്റേതാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ എസ്‌ഐടിയോട് പറഞ്ഞു. സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും സര്‍ക്കാരിന് വന്നിട്ടില്ലെന്നും സ്വര്‍ണം പൂശാനുള്ള ഒരു ഫയല്‍ നീക്കവും വകുപ്പ് നടത്തിയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു. 2019ല്‍ സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ അനുമതി തേടി ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം വകുപ്പില്‍ അപേക്ഷ നല്‍കിയെന്നും അതില്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം വകുപ്പില്‍ നിന്ന് ബോര്‍ഡിലേക്ക് ആ അപേക്ഷ കൈമാറിയെന്നും പത്മകുമാറിന്റെ മൊഴിയുണ്ടായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്. എന്നാല്‍ അങ്ങനൊരു അപേക്ഷ കണ്ടില്ലെന്നും നടപടി എടുത്തില്ലെന്നുമായിരുന്നു കടകംപള്ളിയുടെ മൊഴി.

Content Highlights: Sabarimala gold theft: K Muraleedharan demands transparent investigation\

To advertise here,contact us