കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസില് അന്വേഷണ സംഘം മൊഴിയെടുത്തത് റിപ്പോര്ട്ടറിനോട് സ്ഥിരീകരിച്ച് മുന് ദേവസ്വം വകുപ്പ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തുകയാണ് ഉണ്ടായതെന്നും പ്രശാന്ത് പറഞ്ഞു. ദ്വാരപാലക ശില്പ്പം സ്വര്ണം പൂശുന്നതിന് കൊണ്ടുപോയ കാര്യങ്ങളാണ് ചോദിച്ചത്. കൃത്യമായ ഉത്തരം നല്കിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു. സ്റ്റേറ്റ്മെന്റ് എടുക്കല് പൂര്ത്തിയായിട്ടുണ്ടെന്നും ഇനി എസ്ഐടിക്ക് മുമ്പില് പോകേണ്ടി വരില്ലെന്നും പ്രശാന്ത് പറഞ്ഞു.
ശബരിമല സ്വര്ണക്കൊള്ളയില് മുന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു. തനിക്കെതിരായ എല്ലാ ആരോപണങ്ങളും എസ്ഐടിക്ക് മുന്നില് കടകംപള്ളി സുരേന്ദ്രന് തള്ളി. എല്ലാ തീരുമാനങ്ങളും ദേവസ്വം ബോര്ഡിന്റേതാണെന്ന് കടകംപള്ളി സുരേന്ദ്രന് എസ്ഐടിയോട് പറഞ്ഞ മൊഴി റിപ്പോര്ട്ടറിന് ലഭിച്ചിട്ടുണ്ട്. സ്വര്ണം പൂശുന്നതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും സര്ക്കാരിന് വന്നിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ശനിയാഴ്ച എസ്ഐടിക്ക് നല്കിയ മൊഴിയിലാണ് കടകംപള്ളി സുരേന്ദ്രന് ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
അതേസമയം കേസില് ദേവസ്വം ബോര്ഡ് മുന് അധ്യക്ഷന് എ പത്മകുമാറിന്റെ റിമാന്ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. കടകംപള്ളിയാണോ ദൈവതുല്യനെന്ന ചോദ്യത്തിന് ശവംതീനികള് അല്ല എന്നായിരുന്നു പത്മകുമാറിന്റെ മറുപടി. ആരാണ് ദൈവതുല്യന് എന്ന ചോദ്യത്തോട് വേട്ടനായ്ക്കള് അല്ലെന്നും മറുപടി പറഞ്ഞു. ഇരയാക്കപ്പെടുന്നുണ്ടോയെന്ന ചോദ്യത്തോട് എല്ലാം അയപ്പന് നോക്കിക്കൊള്ളും എന്നായിരുന്നു പ്രതികരണം. പത്മകുമാറിന്റെ ജാമ്യഹര്ജിയില് ജനുവരി ഏഴിന് വിധി പറയും.
കേസില് എസ്ഐടി സംഘം വിപുലീകരിച്ചു. രണ്ട് സിഐമാരെക്കൂടി ഉള്പ്പെടുത്തിയാണ് വിപുലീകരിച്ചത്. ഇതോടെ എസ്ഐടിയില് പത്ത് അംഗങ്ങളായി. സംഘം വിപുലീകരിക്കണമെന്ന എസ്ഐടി ആവശ്യത്തിന്റെ അടിസ്ഥാനത്തില് കോടതി അംഗീകാരം നല്കുകയും രണ്ട് സിഐമാരെ കൂടി ഉള്പ്പെടുത്തുകയുമായിരുന്നു.
Content Highlights: P S Prasanth confirms he gives statement to SIT on Sabarimala Gold Case