കേരളത്തിന്‍റെ നേറ്റിവിറ്റി കാർഡ് ആർക്കൊക്കെ ലഭിക്കും: കാർഡില്‍ ചിപ്പും ഹോളോഗ്രാമും ഉള്‍പ്പെടുത്തിയേക്കും

ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

സംസ്ഥാനത്ത് നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുമെന്ന മന്ത്രിസഭ യോഗ തീരുമാനത്തിന് അംഗീകാരം നല്‍കി ഉത്തരവിറക്കി. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സർക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ പിൻബലത്തോടുകൂടിയ ആധികാരിക രേഖയായാണ് കാർഡ് നൽകുന്നത്.

ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. എന്നാൽ, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവിൽ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. ഈ വിഷയം ഏറെ നാളായി പരാതിയായി സർക്കാരിനു മുന്നിലുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയും ഇക്കാര്യത്തിൽ വന്നിട്ടുണ്ട്. നേറ്റിവിറ്റി കാർഡ് വരുന്നതോടെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

'ഒരാൾ, താൻ ഈ നാട്ടിൽ ജനിച്ചു ജീവിക്കുന്നയാളാണെന്നോ, സ്ഥിരതാമസക്കാരനാണെന്നോ ആരുടെ മുന്നിലും അനായാസം തെളിയിക്കാൻ പ്രാപ്തനാകണം. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. അതിനായി ആധികാരികവും നിയമ പിൻബലമുള്ളതുമായ രേഖയായാണ് നേറ്റിവിറ്റി കാർഡ് സർക്കാർ ആവിഷ്‌കരിക്കുന്നത്.'- എന്നായിരുന്നു മന്ത്രിസഭ യോഗം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയൽ രേഖയായി കാർഡിനെ ഉപയോഗപ്പെടുത്താനാകും. തഹസിൽദാർമാർക്കായിരിക്കും കാർഡിന്റെ വിതരണച്ചുമതല.

ആർക്കൊക്കെ കാർഡ് ലഭിക്കും

കേരളത്തിനു പുറത്താണ് ജനിച്ചവരാണെങ്കിലും സംസ്ഥാനത്ത് വേരുകളുള്ളവർക്കും കാർഡ് ലഭിക്കും. നിലവിൽ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോഴുള്ള വ്യവസ്ഥകൾ നേറ്റിവിറ്റി കാർഡിനും ബാധകമാകും. മാതാപിതാക്കൾ രണ്ടുപേരും കേരളത്തിൽ ജനിച്ചുവളർന്നവരാണെങ്കിലോ, അവരിൽ ഒരാൾ കേരളത്തിൽ ജനിച്ചു വളർന്നയാളാണെങ്കിലോ

നേറ്റിവിറ്റികാർഡിന് അർഹതയുണ്ടാകും.

മാതാപിതാക്കളിൽ ഒരാൾ കേരളത്തിലും മറ്റൊരാൾ രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജനിച്ചു വളർന്നാലും അവർ വിവാഹശേഷം കേരളത്തിലെ സ്ഥിരതാമസക്കാരായി മാറിയിട്ടുണ്ടെങ്കിലും നേറ്റിവിറ്റി കാർഡ് ലഭിക്കും. അതേസമയം ഫോട്ടോപതിച്ച കാർഡിൽ ഭാവിയിൽ ചിപ്പും ഹോളോഗ്രാമും ഉൾപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

To advertise here,contact us