പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് യുഡിഎഫിന് ചെയ്തു; പഞ്ചായത്തംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഐഎം

യുഡിഎഫിന് അധികാരം ലഭിക്കാനുണ്ടായ സാഹചര്യം ഉണ്ടാക്കിയ രാമചന്ദ്രനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.

തൃശൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്ത പഞ്ചായത്തംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഐഎം. ചേലക്കര ഗ്രാമപഞ്ചായത്തംഗം പി എന്‍ രാമചന്ദ്രനെയാണ് സിപിഐഎം പുറത്താക്കിയത്.

24 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 12 വീതം അംഗങ്ങളാണുണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രാമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ഗോപാലകൃഷ്ണന് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ 13 വോട്ട് നേടി ടി. ഗോപാലകൃഷ്ണൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വോട്ട് മാറി ചെയ്തത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് രാമചന്ദ്രന്റെ വാദം.

എന്നാല്‍ സിപിഐഎം ഈ വാദത്തെ അംഗീകരിക്കുന്നില്ല. പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത് അതീവ ഗൗരവകരമായ വീഴ്ചയാണെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം വി മനോജ് കുമാര്‍ പറഞ്ഞു.

നറുക്കെടുപ്പിനുള്ള അവസരം പോലും ലഭിക്കാതെ യുഡിഎഫിന് അധികാരം ലഭിക്കാനുണ്ടായ സാഹചര്യം ഉണ്ടാക്കിയ രാമചന്ദ്രനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക മാത്രമല്ല കൂറുമാറ്റ നിരോധന നിയമപ്രകാരം രാമചന്ദ്രനെ അയോഗ്യക്കാനുള്ള നടപടികളിലേക്ക് കടക്കാനാണ് സിപിഐഎം ഒരുങ്ങുന്നത്.

Content Highlights: CPIM expels panchayat member from party

To advertise here,contact us