തിരുവനന്തപുരം: കഴക്കൂട്ടത്തെ നാലുവയസുകാരന്റെ കൊലപാതകത്തില് കസ്റ്റഡിയിലുളള കുട്ടിയുടെ അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര സ്വദേശിയായ തന്ബീര് ആലമാണ് കുറ്റം സമ്മതിച്ചത്. അമ്മയോടുളള വൈരാഗ്യം മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. മുറിയിലുണ്ടായിരുന്ന ടൗവല് ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് മുറുക്കിയാണ് കൊല നടത്തിയത്. കഴുത്തിലെ എല്ല് പൊട്ടിയാണ് മരണമെന്ന് പോസ്റ്റ്മോര്ട്ടത്തില് കണ്ടെത്തിയിരുന്നു. കുട്ടിയെ ആശുപത്രിയില് കൊണ്ടുപോകാനായി അമ്മ ഇറങ്ങിയെങ്കിലും തന്ബീര് ആലം അനുവദിച്ചില്ല.
ഡിസംബര് 28-നാണ് ബംഗാള് സ്വദേശിയായ മുന്നി ബീഗത്തിന്റെ മകന് ഗില്ദാറിനെ മരിച്ച നിലയില് കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തില് പാടുകള് കണ്ടെത്തിയതിന് പിന്നാലെ പൊലീസ് അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. രണ്ട് ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് പ്രതി തന്ബീര് ആലം കുറ്റം സമ്മതിച്ചത്.
കൊലപാതകത്തില് കുട്ടിയുടെ അമ്മയ്ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് ആഹാരം കൊടുത്ത് ഉറക്കിയ കുഞ്ഞ് വൈകുന്നേരം അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ടാണ് ആശുപത്രിയില് എത്തിച്ചത് എന്നാണ് അമ്മ ഡോക്ടറോട് പറഞ്ഞത്. വിശദമായി പരിശോധിച്ചപ്പോഴാണ് ഡോക്ടര് കഴുത്തിലെ പാടുകള് കണ്ടെത്തിയത്. തുടര്ന്ന് പൊലീസില് വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹം മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. മറ്റ് ബന്ധുക്കള് എത്തിയതിന് ശേഷം മൃതദേഹം വിട്ടുനല്കും.
Content Highlights: 4 year-old boy murder in Kazhakoottam; Mother's friend confesses to the crime