പാലക്കാട്: അഗളി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസത്തില് നടന്ന വഞ്ചനയും അട്ടിമറിയും അംഗീകരിക്കാനാവില്ലെന്ന് സീറോ മലബാര് സഭയുടെ അട്ടപ്പാടി സെഹിയോന് ധ്യാന കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടര് ഫാദര് സേവ്യര് ഖാന് വട്ടായില്. അഗളി പഞ്ചായത്തില് യുഡിഎഫ് അംഗം എല്ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് ഫാദര് സേവ്യര് ഖാന് വട്ടയില് പ്രതികരണവുമായി രംഗത്തെത്തിയത്. അട്ടപ്പാടിയിലെ ഇടതുപക്ഷ പാര്ട്ടികള് അക്ഷരാര്ത്ഥത്തില് ഞെട്ടിച്ചുവെന്നും തത്വസംഹിതകള് കാറ്റില്പറത്തിയെന്നും ഫാദര് സേവ്യര് ഖാന് വട്ടയില് പറഞ്ഞു. നടന്നത് ജനാധിപത്യ മര്യാദകളെ തകിടം മറിക്കുന്ന സംഭവമെന്നും ഫാദര് സേവ്യര് ഖാന് പ്രതികരിച്ചു.
നന്മയെ തിന്മ എന്നും തിന്മയെ നന്മ എന്ന് വിളിക്കരുത്. ജനാധിപത്യ വിശ്വാസികളായ മലയാളികളുടെ മുന്നില് അട്ടപ്പാടിക്കാരുടെ തല താഴ്ന്നു പോയി. ഒരു പാര്ട്ടിയുടെ ചിഹ്നത്തില് ജയിച്ച ഒരു മെമ്പര് ഉറങ്ങി എഴുന്നേറ്റപ്പോള് മറ്റൊരു പാര്ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്ത്ഥിയായത് വഴി സമൂഹത്തിലുണ്ടാകുന്ന അപചയം എല്ലാവരെയും വേദനിപ്പിക്കണമെന്നും ഫാദര് സേവ്യര് പറഞ്ഞു. കണ്മുന്നില് നടക്കുമ്പോള് ഇതെല്ലാം കണ്ടിട്ട് മിണ്ടാതിരുന്നാല് നമ്മുടെ മനസാക്ഷിയുടെ മുന്നിലും ദൈവത്തിന്റെ മുന്നിലും തെറ്റുകാരാവുമെന്നും ഫാദര് സേവ്യര് ഖാന് വട്ടയില് കൂട്ടിച്ചേര്ത്തു.
പാലക്കാട് അഗളി പഞ്ചായത്തില് യുഡിഎഫ് അംഗം എല്ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അഗളി പഞ്ചായത്തിലെ 20-ാം വാര്ഡായ ചിന്നപറമ്പില് നിന്നുള്ള യുഡിഎഫ് അംഗമായ മഞ്ജുവാണ് കൂറുമാറിയത്. തനിക്ക് പാര്ട്ടിയുടെ വിപ്പ് കിട്ടിയില്ല എന്നായിരുന്നു സംഭവത്തില് മഞ്ജുവിന്റെ പ്രതികരണം. കക്ഷി രാഷ്ട്രീയഭേദമില്ലാതെയാണ് തനിക്ക് വോട്ട് ലഭിച്ചതെന്നും മഞ്ജു പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ മഞ്ജുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. മഞ്ജുവിനെതിരെ നിയമപോരാട്ടം നടത്താനാണ് കോണ്ഗ്രസിന്റെ തീരുമാനം. കൂറുമാറ്റ നിരോധന നിയമപ്രകാരം മഞ്ജുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്ഗ്രസ് അറിയിച്ചിരുന്നു.
Content Highlight; The betrayal and coup in Agali panchayat is unacceptable; Father Xavier Khan