തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊളള കേസില് ദേവസ്വം ബോര്ഡ് മുന് അംഗം എന് വിജയകുമാറിനെതിരെ റിമാന്ഡ് റിപ്പോര്ട്ട്. വിജയകുമാര് ഗൂഢാലോചനയില് പങ്കാളിയാണ് എന്നാണ് റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നത്. പാളികള് കൊടുത്തുവിടുന്നതില് വിജയകുമാറിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഗൂഢാലോചനയില് പങ്കാളിയായെന്നുമാണ് റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നത്. വിജയകുമാര് ഉണ്ണിക്കൃഷ്ണന് പോറ്റിക്കും മറ്റ് പ്രതികള്ക്കും സഹായം നല്കിയെന്നും രേഖകളില് കൃത്രിമം കാണിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തി. ദേവസ്വം രേഖകളിലെ തിരുത്തല് വിജയകുമാറിന്റെ അറിവോടെയാണെന്നും എസ്ഐടി റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു.
എന് വിജയകുമാര് ഔദ്യോഗിക കൃത്യനിര്വഹണത്തില് വീഴ്ച്ച വരുത്തിയെന്നും ക്ഷേത്ര മുതലുകള് ദുരുപയോഗം ചെയ്തെന്നും അന്വേഷണ സംഘം കണ്ടെത്തി. ജീവനക്കാര്ക്കിടയിലെ ശക്തമായ സ്വാധീനം ഉപയോഗിച്ചുവെന്നും തെളിവായ രേഖകള് നശിപ്പിച്ചുവെന്നും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു. അനുകൂല മൊഴി നല്കാന് ജീവനക്കാരെ പ്രേരിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്ട്ടില് പറയുന്നുണ്ട്. ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് സ്വര്ണപ്പാളികള് ലഭിച്ചത് ദേവസ്വം ബോര്ഡിന്റെ ഇടപെടല് കാരണമാണെന്നും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു.
ശബരിമല സ്വര്ണക്കൊളള കേസില് അറസ്റ്റിലായ എന് വിജയകുമാര് ജനുവരി 12 വരെ റിമാൻഡിലാണ്. വിജയകുമാറിന്റെ ജാമ്യാപേക്ഷ മറ്റന്നാള് പരിഗണിക്കും. തിരുവനന്തപുരം വിജിലന്സ് കോടതിയാണ് അദ്ദേഹത്തെ റിമാന്ഡില് വിട്ടത്. ഇന്ന് ഉച്ചയോടെയാണ് വിജയകുമാർ അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമായിരുന്നു വിജയകുമാര്. നേരത്തെ വിജയകുമാറിന് എസ്ഐടി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടര്ന്ന് വിജയകുമാറിനെ ഇന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ശബരിമല സ്വര്ണക്കൊളള കേസില് എന് വിജയകുമാറിനും മുന് ദേവസ്വം ബോര്ഡ് അംഗമായ കെ പി ശങ്കരദാസിനുമെതിരെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ മൊഴിയുണ്ടായിരുന്നു. ബോര്ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്നായിരുന്നു ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി. സ്വര്ണപ്പാളി കൈമാറാനുള്ള പത്മകുമാറിന്റെ തീരുമാനത്തെ ബോര്ഡ് അംഗീകരിച്ചതിനും തെളിവുകള് കണ്ടെത്തിയിരുന്നു.
Content Highlights: Sabarimala Gold theft case Remand report says N Vijayakumar was involved in the conspiracy