കഴക്കൂട്ടത്തെ നാല് വയസുകാരന്റെ മരണം കൊലപാതകം; കഴുത്തിനേറ്റ പരിക്ക് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം കഴുക്കൂട്ടത്ത് താമസിച്ചുവരികയായിരുന്ന ബംഗാൾ സ്വദേശിയുടെ മകൻ്റെ മരണം കൊലപാതകം. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞിന്റെ മാതാവും സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യും.

ഇന്നലെയായിരുന്നു കഴക്കൂട്ടത്ത് താമസിച്ചുവരികയായിരുന്ന ബംഗാള്‍ ഹേലാഗച്ചി സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദര്‍ (നാല്) മരിച്ചത്. ഇന്നലെ വൈകിട്ട് മുന്നിയും സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഭക്ഷണം കഴിച്ച് ഉറങ്ങിയ കുഞ്ഞ് പിന്നെ ഉണര്‍ന്നില്ല എന്നായിരുന്നു അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ കുഞ്ഞിൻ്റെ കഴുത്തില്‍ കണ്ട പാടില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റേത് കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയില്‍ പൊലീസിന് ബോധ്യമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ വ്യക്തത വരികയായിരുന്നു.

Content Highlights- Postmortem report found death of four years old child become murder in kazhakkoottam

To advertise here,contact us