തിരുവനന്തപുരം: ഓഫീസ് മുറി വിവാദത്തിൽ എംഎൽഎ വി കെ പ്രശാന്തിനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. താൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്നപ്പോൾ ഓഫീസ് ആയി ഉപയോഗിച്ചത് എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയായിരുന്നെന്നും ആർക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു. മണ്ഡലത്തിലെ പല ഭാഗത്തുനിന്നും ആളുകൾ വരുന്നുണ്ടായിരുന്നുവെന്നും താൻ മറ്റൊരു സ്ഥലവും ഓഫീസിനായി തെരഞ്ഞെടുത്തിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു.
കോർപ്പറേഷൻ കെട്ടിടത്തിലെ മുറി പ്രശാന്ത് ഒഴിയണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എംഎൽഎ ക്വാർട്ടേഴ്സിലെ മുറി എന്ത് ചെയ്തുവെന്ന് പരിശോധിക്കണമെന്നും ആളുകൾക്ക് ക്വാർട്ടേഴ്സിലേക്ക് കയറിവരാൻ ഒരു തടസവുമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. കൗൺസിലർമാർക്ക് ഇരിക്കാനും ചെറിയ മുറി വേണം. ജനങ്ങൾ എപ്പോഴും അന്വേഷിക്കുന്നത് കൗൺസിലർമാരെയാണ്. തത്കാലം ഈ വിവാദത്തിൽ താൻ തലയിടുന്നില്ലെന്നും താൻ ഉള്ളപ്പോൾ ഒരു പ്രശ്നവുമില്ലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിലെ തലമുറമാറ്റത്തിലും മുരളീധരൻ പ്രതികരിച്ചു. പുതിയ ആളുകൾ വരണമെന്നും കോർപ്പറേഷനിൽ നിർത്തിയ ചെറുപ്പക്കാർ വിജയിച്ചില്ലേ എന്നും മുരളീധരൻ പറഞ്ഞു. പരിചയസമ്പന്നരും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ഓഫീസ് മുറി വിവാദത്തിൽ വി കെ പ്രശാന്തിനെതിരെ കെ എസ് ശബരിനാഥനും രംഗത്തുവന്നിരുന്നു. എംഎല്എ ഹോസ്റ്റലില് സൗകര്യങ്ങളുള്ള മുറി ഉണ്ടായിട്ടും എന്തിന് വാടക കെട്ടിടത്തില് ഇരിക്കുന്നുവെന്ന് ശബരിനാഥന് ചോദിച്ചു. എംഎല്എ ഉപയോഗിക്കുന്ന ഹോസ്റ്റലിന് മാസം 800 രൂപ മാത്രം വാടക വാങ്ങുന്നത് ശരിയായ നടപടിയല്ല. തിരുവനന്തപുരത്ത് ഒരു ചെറിയ ചായക്കട നടത്താന് പോലും ഇതിലും വലിയ വാടക നല്കണം. ജവഹര് നഗറില് പൊളിഞ്ഞ് കിടക്കുന്ന ഒരു കെട്ടിടത്തില് ചെറിയ കടമുറിക്ക് 15,000 രൂപ വരെ വാടക വാങ്ങുന്നുണ്ട്. എംഎല്എ ഓഫീസിന് 15,000 രൂപ വാടക വാങ്ങണമെന്ന് ഞാന് പറയില്ല. പക്ഷെ 800 രൂപ വാങ്ങാന് പാടില്ല. ഇതൊക്കെ പറയുമ്പോള് കാവി അല്ലെങ്കില് സംഘി പട്ടം ചുമത്തുന്നത് കണ്ട് പേടിക്കേണ്ടതില്ല. ഇവിടെ നിലപാട് പറയാന് വേണ്ടി തന്നെയാണ് യുഡിഎഫിനെ വിജയിപ്പിച്ചിരിക്കുന്നതെന്നും ശബരിനാഥൻ പറഞ്ഞു.
എംഎല്എമാരുടെ ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ് സാധാരണ ഉണ്ടാവുക. എംഎല്എ ഹോസ്റ്റലില് മുറികളും കമ്പ്യൂട്ടറും പാര്ക്കിങും ഉള്പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. അത് ഉപേക്ഷിച്ച് ശാസ്തമംഗലത്ത് നില്ക്കുന്നത് എന്തിനാണെന്നും ശബരിനാഥന് ചോദിച്ചു. എല്ലാ കൗണ്സിലര്മാര്ക്കും പ്രവര്ത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്നും ശബരിനാഥന് വ്യക്തമാക്കി.കേരളത്തിലെ ഭൂരിഭാഗം എംഎല്എമാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോള് ആര്യനാട് ഒരു വാടകമുറിയില് മാസവാടക കൊടുത്ത് പ്രവര്ത്തിച്ചതെന്നും ശബരിനാഥൻ പ്രതികരിച്ചു.
Content Highlights: k muraleedharan asks why vk prashanth is not using mla quarters