പാറളം പഞ്ചായത്തിൽ വോട്ട് അസാധുവാക്കിയ വനിതാ നേതാവ് ബിന്ദുവിനെ സസ്പെന്‍റ് ചെയ്ത് കോൺഗ്രസ്

മറ്റത്തൂരില്‍ ബിജെപിയുമായി സഹകരിച്ചവര്‍ക്കെതിരെ 10 ദിവസത്തിനുള്ളില്‍ അയോഗ്യത നടപടികള്‍ ആരംഭിക്കുമെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്

തൃശ്ശൂര്‍: പാറളത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കിയ വനിത നേതാവ് ബിന്ദുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. പാര്‍ട്ടി നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. മറ്റത്തൂരിലെ കൂറുമാറ്റത്തിലും നടപടി സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ബിജെപിയുമായി സഹകരിച്ചവര്‍ക്കെതിരെ 10 ദിവസത്തിനുള്ളില്‍ അയോഗ്യത നടപടികള്‍ ആരംഭിക്കുമെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പറഞ്ഞു. 10 ദിവസം കൂറുമാറിയവര്‍ക്ക് ചിന്തിക്കാനുള്ള സമയമാണെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.

മറ്റത്തൂരില്‍ പ്രസിഡന്റും വൈസ് പ്രസിഡന്‍റും രാജിവെക്കണം. ഇരുവരും രാജിവെച്ചാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ എടുത്ത നടപടി ഡിസിസി പുനഃപരിശോധിക്കും രാജിവെച്ചില്ലെങ്കില്‍ അയോഗ്യരാക്കാനുള്ള നടപടി കോണ്‍ഗ്രസ് ആരംഭിക്കുമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി.

ചൊവ്വന്നൂരില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് വര്‍ഗീസിന് പങ്കുണ്ടെന്ന ആക്ഷേപത്തില്‍ ഡിസിസി നല്‍കിയ ഷോക്കോസ് നോട്ടീസിന് വര്‍ഗീസ് മറുപടി നല്‍കേണ്ടത് ഇന്നാണ്. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയുണ്ടാകും. മറുപടി നല്‍കിയില്ലെങ്കിലും നടപടി സ്വീകരിക്കുമെന്ന് ജോസഫ് ടാജറ്റ് കൂട്ടിച്ചേര്‍ത്തു.

പാറളം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചു എന്ന് ആരോപിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വനിത നേതാവ് മനഃപൂര്‍വം വോട്ട് അസാധുവാക്കിയെന്നും അതിനാലാണ് ബിജെപിക്ക് പാറളം പഞ്ചായത്തില്‍ അധികാരം ലഭിച്ചതെന്നുമായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ പെട്ടെന്നുള്ള മാറ്റം ബിജെപിയെ സഹായിക്കാനുള്ള തന്ത്രമാണെന്നും സിപിഐഎം ചൂണ്ടിക്കാണിച്ചിരുന്നു.

പാറളം പഞ്ചായത്തില്‍ ആകെ 17 ആയിരുന്നു കക്ഷിനില. യുഡിഎഫ്-6, ബിജെപി-6, എല്‍ഡിഎഫ്-5 എന്നിങ്ങനെയാണ് സീറ്റുകള്‍ ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്തിരുന്നുവെന്നും സിപിഐഎം ആരോപിച്ചിരുന്നു. വീടുകള്‍ കയറിയുള്ള ക്യാംപെയിന്‍ ഉള്‍പ്പെടെ പാര്‍ട്ടികള്‍ നടത്തിയെന്നും സിപിഐഎം ചൂണ്ടിക്കാണിച്ചിരുന്നു.

വര്‍ഷങ്ങളായി എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച പഞ്ചായത്താണ് പാറളം. കഴിഞ്ഞ തവണ എല്‍ഡിഎഫിനായിരുന്നു പഞ്ചായത്തിന്റെ ഭരണം. ശനിയാഴ്ച്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവാക്കിയിരുന്നു. ഇതോടെ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അഞ്ചായി കുറഞ്ഞു. ആറ് വോട്ടുകള്‍ നേടിയ ബിജെപിയുടെ അനിത പ്രസന്നനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.

Content Highlight; Congress suspends woman leader who annulled vote in Paralam panchayat

To advertise here,contact us