'മറ്റത്തൂരിന് പിന്നാലെ പാറളം പഞ്ചായത്തിലും കോൺഗ്രസ് ബിജെപിയെ സഹായിച്ചു'; ആരോപണവുമായി സിപിഐഎം

ബിജെപിയെ സഹായിക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമായിരുന്നു സ്ഥാനാര്‍ത്ഥി മാറ്റം എന്ന് സിപിഐഎം

തൃശ്ശൂര്‍: മറ്റത്തൂരിന് പിന്നാലെ പാറളം പഞ്ചായത്തിലും കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചെന്ന ആരോപണവുമായി സിപിഐഎം രംഗത്ത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വനിത നേതാവ് മനഃപൂര്‍വം വോട്ട് അസാധുവാക്കിയെന്നും അതിനാലാണ് ബിജെപിക്ക് പാറളം പഞ്ചായത്തില്‍ അധികാരം ലഭിച്ചതെന്നും സിപിഐഎം ആരോപിച്ചു. വോട്ട് അസാധുവാക്കിയ വനിത നേതാവിനെയാണ് ആദ്യം പ്രസിഡന്റായി തീരുമാനിച്ചിരുന്നത്. പിന്നീട് പ്രസിഡന്റ് സ്ഥാനത്ത് പുതിയ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുകയായിരുന്നു.

പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ പഴയ സ്ഥാനാര്‍ത്ഥി വോട്ട് അസാധുവാക്കി ബിജെപിക്ക് ഭരണം നേടിക്കൊടുത്തുവെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ബിജെപിയെ സഹായിക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമായിരുന്നു സ്ഥാനാര്‍ത്ഥി മാറ്റം എന്നും സിപിഐഎം ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ ഒരു മാസമായി പാറളം പഞ്ചായത്തില്‍ കോണ്‍ഗ്രസ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് നടക്കുകയാണ്. മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവെക്കുന്നത് പോലെയാണ് ഇരുപാര്‍ട്ടികളുടെയും നയം. അതിന്റെ പ്രതിഫലനമായാണ് പാറളം പഞ്ചായത്ത് തെരഞ്ഞെടപ്പില്‍ ബിജെപിക്ക് അധികാരം ലഭിച്ചതെന്നും സിപിഐഎം ആരോപിച്ചു.

പാറളം പഞ്ചായത്തില്‍ ആകെ 17 ആയിരുന്നു കക്ഷിനില. യുഡിഎഫ്-6, ബിജെപി-6, എല്‍ഡിഎഫ്-5 എന്നിങ്ങനെയാണ് സീറ്റുകള്‍ ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കൈകോര്‍ത്തിരുന്നുവെന്നും സിപിഐഎം ആരോപിച്ചു. വീടുകള്‍ കയറിയുള്ള ക്യാംപെയിന്‍ ഉള്‍പ്പെടെ പാര്‍ട്ടികള്‍ നടത്തിയെന്നും സിപിഐഎം ചൂണ്ടിക്കാണിക്കുന്നു.

വര്‍ഷങ്ങളായി എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച പഞ്ചായത്താണ് പാറളം. കഴിഞ്ഞ തവണ എല്‍ഡിഎഫിനായിരുന്നു പഞ്ചായത്തിന്റെ ഭരണം. ശനിയാഴ്ച്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവാക്കിയിരുന്നു. ഇതോടെ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അഞ്ചായി കുറഞ്ഞു. ആറ് വോട്ടുകള്‍ നേടിയ ബിജെപിയുടെ അനിത പ്രസന്നനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.

Content Highlight; After Matathoor, Congress Helped BJP in Paralam Panchayat: CPIM Alleges

To advertise here,contact us