

കൊച്ചി: നഷ്ടപരിഹാരം നല്കാനുള്ള ഹൈക്കോടതി വിധി തന്നെപ്പോലെയുള്ള മുഴുവന് മനുഷ്യര്ക്കും ആശ്വാസകരമാണെന്ന് ട്രെയിനില് നിന്ന് വീണ് ഇരുകാലുകളും നഷ്ടപ്പെട്ട മാധ്യമപ്രവര്ത്തകന് കൂടിയായ ഗവേഷക വിദ്യാര്ത്ഥി സിദ്ധാര്ത്ഥ്. താന് വരുത്തിവെച്ച അപകടം എന്ന നിലയിലായിരുന്നു സംഭവത്തെ ആദ്യം നോക്കിക്കണ്ടത്. റെയില്വെ ക്ലെയിംസ് ട്രിബ്യൂണലും ആ രീതിയിലാണ് കണ്ടത്. എന്നാല് ഹൈക്കോടതിയുടെ മുന്നിലേക്ക് വിഷയം വന്നപ്പോള് നഷ്ടപരിഹാരത്തിന് അര്ഹതയുണ്ടെന്ന് വിധിക്കുകയായിരുന്നു. തന്റെ അശ്രദ്ധകൊണ്ടാണ് അപകടം ഉണ്ടായതെങ്കിലും മനപൂര്വം വരുത്തിയതല്ല എന്ന് കോടതി വിലയിരുത്തി. ഇത് ഏറെ ആശ്വാസം നല്കുന്നതാണെന്ന് സിദ്ധാര്ത്ഥ് റിപ്പോര്ട്ടറിനോട് പറഞ്ഞു.
സുഹൃത്തുകൂടിയായ അഭിഭാഷകന് മുഹമ്മദ് ഇബ്രാഹിമിന്റെ നിർദേശത്തെ തുടർന്നാണ് ട്രിബ്യൂണലിനെ സമീപിക്കാന് തീരുമാനിച്ചത്. ട്രിബ്യൂണലില് നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിരീക്ഷണം ട്രെയിനില് ഓടിക്കയറാന് നിര്ബന്ധിതരാകുന്ന മനുഷ്യര്ക്ക് കൂടി ആശ്വാസം പകരുന്ന പരാമര്ശമാണെന്നും സിദ്ധാര്ത്ഥ് പറഞ്ഞു. ഇന്നലെയായിരുന്നു സിദ്ധാര്ത്ഥിന് നഷ്ടപരിഹാരത്തിന് അര്ഹതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. സിദ്ധാര്ത്ഥിന് എട്ട് ലക്ഷം രൂപ നല്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ചായിരുന്നു സിദ്ധാര്ത്ഥ് റിപ്പോര്ട്ടറിനോട് പ്രതികരിച്ചത്.
2022 നവംബറിലായിരുന്നു സിദ്ധാര്ത്ഥ് അപകടത്തില്പ്പെടുന്നത്. അപകടത്തിൽ സിദ്ധാർത്ഥിൻ്റെ രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു. കൈരളി ടി വിയിലെ മാധ്യമപ്രവര്ത്തകനായിരുന്നു സിദ്ധാര്ത്ഥ്. ഡല്ഹി ബ്യൂറോയിലേക്ക് മാറ്റം കിട്ടിയതിനെ തുടര്ന്ന് ജോയിന് ചെയ്യുന്നതിനായുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. നവംബര് 18ന് സിദ്ധാര്ത്ഥ് തിരുവനന്തപുരത്ത് നിന്ന് ട്രെയിന് കയറി. നവംബര് 19ന് ട്രെയിന് ഗുജറാത്തിലെ സൂറത്തില് എത്തി. പാന്ട്രി സൗകര്യം ഇല്ലാതിരുന്ന ട്രെയിനായിരുന്നു. ചായ കുടിക്കാനായി സൂറത്ത് സ്റ്റേഷനില് ഇറങ്ങി. ചായ കുടിച്ച്, ബിസ്കറ്റ് വാങ്ങി തിരികെ വരുമ്പോഴേക്കും ട്രെയിന് വിട്ടിരുന്നു. തുടര്ന്ന് ട്രെയിനില് കയറാനുള്ള ശ്രമത്തിനിടെയാണ് സിദ്ധാര്ത്ഥ് അപകടത്തില്പ്പെടുന്നത്. ബാഗും മറ്റ് സാധനങ്ങളും അടക്കം ട്രെയിനിലായിരുന്നതിനാൽ ഓടിക്കയറാൻ നിർബന്ധിതനാകുകയായിരുന്നുവെന്ന് സിദ്ധാർത്ഥ് പറഞ്ഞു.
ട്രെയിനിൽ നിന്ന് വീണ് പാളത്തില് ഇരുപത് മിനിറ്റോളം കിടന്നതായി സിദ്ധാര്ത്ഥ് പറഞ്ഞു. അറിയാവുന്ന ഭാഷയില് യാചിച്ച ശേഷം റെയില്വേ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഈ സമയം കുടുംബത്തെ വിളിച്ച് താന് തന്നെ വിവരം അറിയിച്ചിരുന്നു. വിഷയം അത്ര ഗൗരവത്തോടെ എടുക്കും എന്ന ബോധ്യത്തിലാണ് കുടുംബത്തെ തന്നെ വിവരം അറിയിച്ചത്. തുടര്ന്ന് കുടുംബം കൈരളിയുമായി ബന്ധപ്പെട്ടു. ആദ്യം ഒരു ഡോക്ടര് മാത്രമുള്ള ആശുപത്രിയിലാണ് തന്നെ പ്രവേശിപ്പിച്ചതെന്ന് സിദ്ധാര്ത്ഥ് പറഞ്ഞു. കൈരളിയും സൂറത്തിലെ മലയാളി സമാജവും അടക്കം ഇടപെട്ട് അവിടെത്തന്നെയുള്ള കൂടുതല് സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി. പതിനഞ്ച് ദിവസത്തോളം അവിടെ ചികിത്സയില് കഴിഞ്ഞു. അതിന് ശേഷം കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നുവെന്നും സിദ്ധാര്ത്ഥ് പറഞ്ഞു.
ഭിന്നശേഷിയുള്ള മനുഷ്യരെ പരിഗണിക്കാന് കഴിയാത്ത വിധത്തിലാണ് മാധ്യമരംഗം എന്നുള്ള തിരിച്ചറിവില് നിന്നാണ് കരിയര് മാറ്റാന് തീരുമാനിച്ചതെന്ന് സിദ്ധാര്ത്ഥ് പറഞ്ഞു. പൊളിറ്റിക്കല് സയന്സില് എം എ ഉണ്ടായിരുന്നു. പിന്നീട് നെറ്റ് എഴുതി കിട്ടി. അതിന് ശേഷം ഭിന്നശേഷിക്കാര്ക്കുള്ള ഒരു ഫേലോഷിപ്പ് ലഭിച്ചു. നിലവില് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളിജില് പിഎച്ച്ഡി ചെയ്യുകയാണെന്നും സിദ്ധാര്ത്ഥ് കൂട്ടിച്ചേര്ത്തു.
Content Highlights- A journalist from kerala lost his two leg reaction over high court verdict on compensation