തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില് നിന്നും അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ചിത്രവും പേരും മാറ്റി. ബ്ലോക്ക് പ്രസിഡന്റായി കോണ്ഗ്രസ് പ്രതിനിധി എസ് ഉഷ കുമാരി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് കോണ്ഫറന്സ് ഹാളിലെ വി എസ് അച്യുതാനന്ദന്റെ ചിത്രവും പേരും മാറ്റിയത്.
നടപടിയില് പ്രതിഷേധിച്ച് സിപിഐഎം രംഗത്തെത്തി. ഉഷ കുമാരി സ്ഥാനം രാജിവെച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. എന്നാല് ചിത്രം മാറ്റിയതിനെക്കുറിച്ച് അറിയില്ലെന്നും വിഷയം പരിശോധിക്കുമെന്നുമാണ് ഉഷ കുമാരി പ്രതികരിച്ചത്.
ഹാളില് നിന്നും ദൃശ്യം മാറ്റിയതിന്റെയും 'വി എസ് അച്യുതാനന്ദന് കോണ്ഫറന്സ് ഹാള്' എന്ന പേര് മായ്ക്കുന്നതിന്റെയും ദൃശ്യങ്ങള് പുറത്തുവന്നു. ഇക്കഴിഞ്ഞ ഒക്ടോബറില് ആണ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില് വി എസ് അച്യുതാനന്ദന് കോണ്ഫറന്സ് ഹാള് ഉദ്ഘാടനം ചെയ്തത്.
Content Highlights: v s achuthanandan picture removed from Parassala Block Panchayath Hall