കല്ലിയൂരില്‍ ബിജെപിക്ക് എല്‍ഡിഎഫിന്‍റെ ചെക്ക്; ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മറികടന്ന് ഭരണം പിടിച്ചു

24 വാര്‍ഡുകളില്‍ പത്ത് സീറ്റുകള്‍ നേടിയാണ് ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്

തിരുവനന്തപുരം: കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സ്വതന്ത്രസ്ഥാനാര്‍ത്ഥി എസ് ശൈലജ നറുക്കെടുപ്പിലൂടെ വിജയിച്ചു. സ്വതന്ത്രയായി മത്സരിച്ച യുഡിഎഫ് വിമത അംഗം കാക്കമൂല ബിജുവിനെ ഒപ്പംകൂട്ടിയാണ് ഓഫീസ് വാര്‍ഡില്‍നിന്നു വിജയിച്ച സ്വതന്ത്രസ്ഥാനാര്‍ത്ഥി ശൈലജയെ പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍ഡിഎഫ് പിന്തുണച്ചത്.

പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് സിപിഐഎമ്മിന്റെ നീക്കം വിജയിച്ചത്.

24 വാര്‍ഡുകളില്‍ പത്ത് സീറ്റുകള്‍ നേടിയാണ് ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതിനിടെ എട്ട് സീറ്റുകള്‍ നേടിയ എല്‍ഡിഎഫ് രണ്ട് സ്വതന്ത്രരേയും കൂട്ടി ബിജെപിക്കെതിരെ നീക്കം നടത്തുകയായിരുന്നു.

കാക്കമൂല ബിജുവാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍ഡിഎഫും യുഡിഎഫും സ്വതന്ത്രയും ബിജുവിനെ പിന്തുണച്ചതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ബിജെപിയുടെ എം ജയകുമാര്‍ പരാജയപ്പെട്ടു. പഞ്ചായത്തില്‍ ബിജെപി പത്ത് സീറ്റിലും എല്‍ഡിഎഫ് എട്ട് സീറ്റിലും യുഡിഎഫ് നാല് സീറ്റിലും സ്വതന്ത്രനും യുഡിഎഫ് വിമതനും ഓരോ സീറ്റിലുമാണ് വിജയിച്ചത്.

Content Highlights: Thiruvananthapuram kalliyoor Panchayath LDF wins

To advertise here,contact us