കോഴിക്കോട്: കർണാടകയിലെ പൊളിച്ചുനീക്കലിലും കുടിയൊഴിപ്പിക്കലിലും വിമർശനവുമായി സമസ്ത കേരള ജംഇയ്യത്തുല് ഉലമ. പുനരധിവാസം ഉറപ്പു വരുത്തിയ ശേഷം മാത്രമേ വികസനം നടപ്പാക്കാവൂ എന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. വികസനത്തിന്റെ പേരിൽ നിർധനരായ മനുഷ്യരുടെ കിടപ്പാടം ഇല്ലാതാക്കുന്ന നടപടിയോട് സമരസപ്പെടാനാകില്ലെന്നും സംഭവം എല്ലാ മനുഷ്യർക്കിടയിലും വേദനയുണ്ടാക്കുന്നതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ നടപടി വേണമെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു.
വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു. കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യമാണ്. സർക്കാർ ഭൂമിയാണെന്നത് ശരി. എന്നാൽ ജനങ്ങളെ കൂടി കണക്കിലെടുക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
ഡിസംബർ 22 ന് പുലർച്ചെ നാല് മണിക്കാണ് കർണാടകയിലെ കോഗിലു ഗ്രാമത്തിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിൽ കുടിയൊഴിപ്പിക്കൽ നടന്നത്. ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയാണ് മുന്നൂറിലേറെ വീടുകൾ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയത്. ഖരമാലിന്യ സംസ്കരണത്തിനുളള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥരും പൊലീസ് മാർഷലും ചേർന്ന് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വീടുകൾ പൊളിച്ചുമാറ്റുകയായിരുന്നു. 150ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചായിരുന്നു പൊളിച്ചുമാറ്റൽ.
വിഷയം വിവാദമായതോടെ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തുകയും കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും പുനരധിവാസവും ഉറപ്പാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രദേശം മാലിന്യ നിക്ഷേപ കേന്ദ്രമാണെന്നും അവിടെ ചിലർ കുടിയേറിപ്പാർക്കുകയായിരുന്നുവെന്നുമാണ് പൊളിച്ചുമാറ്റലിനെ ന്യായീകരിച്ച് സിദ്ധരാമയ്യ പറഞ്ഞത്. സമാന പ്രതികരണമാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും നടത്തിയത്.
എന്നാൽ വിഷയത്തിൽ എഐസിസി കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുകയും സിദ്ധരാമയ്യയും ശിവകുമാറുമായും സംസാരിക്കുകയും ചെയ്തിരുന്നു. മനുഷ്യത്വപരമായ വശങ്ങൾക്ക് മുൻഗണന നൽകിയാകണം നടപടികളെന്നും ജാഗ്രതയോടെയും കരുതലോടെയും വേണമായിരുന്നു ഇത്തരം നടപടികൾ കൈക്കൊള്ളേണ്ടിയിരുന്നത് എന്നും എഐസിസി നിലപാട് ഇരുവരെയും അറിയിച്ചിരുന്നു.
പൊളിച്ചുനീക്കലിനെ വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. എന്നാൽ കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെയാണ് പിണറായി വിജയന്റെ പ്രതികരണം എന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്. വസ്തുത മനസിലാക്കാതെയുള്ള അനാവശ്യ ഇടപെടലാണ് പിണറായി വിജയൻ നടത്തിയതെന്നും കേരളത്തിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ഗിമ്മിക്ക് ആണിതെന്നും ശിവകുമാർ വിമർശിച്ചിരുന്നു.
Content Highlights: Jifri Muthukoya Thangal and Sadiq Ali Shihab Thangal against karnataka bulldozer raj