തൃശൂർ: ചൊവ്വന്നൂർ ഗ്രാമപഞ്ചയത്തിലെ എസ്ഡിപിഐ കോൺഗ്രസ് സഖ്യ വിവാദത്തിൽ നടപടികൾ തുടർന്ന് ജില്ലാ നേതൃത്വം. ഡിസിസി നിർവാഹക സമിതി അംഗമായ വർഗീസ് ചൊവ്വന്നൂരിന് ഡിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ടുദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ വർഗീസിനെതിരെയും നടപടി സ്വീകരിച്ചേക്കും.
ഏറെ വിവാദമായ എസ്ഡിപിഐ പിന്തുണയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിനെ കോണ്ഗ്രസ് പുറത്താക്കിയിരുന്നു. പിന്നാലെ വൈസ് പ്രസിഡന്റായ സബേറ്റ വര്ഗീസിനെയും കോണ്ഗ്രസ് പുറത്താക്കിയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ എം നിധീഷിനെ പ്രാഥമികാംഗത്വത്തില് നിന്നാണ് കോൺഗ്രസ് പുറത്താക്കിയത്. ചൊവ്വന്നൂര് ഗ്രാമപഞ്ചായത്തില് പാര്ട്ടി തീരുമാനം ലംഘിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച നിധീഷ് എ എമ്മിനെ കോണ്ഗ്രസ് പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്നും പുറത്താക്കുന്നുവെന്നായിരുന്നു ഡിസിസി പ്രതികരണം.
ആകെയുള്ള 14 അംഗങ്ങളില് എല്ഡിഎഫിന് ആറും യുഡിഎഫിന് അഞ്ചും എസ്ഡിപിഐക്ക് രണ്ടും ബിജെപിക്ക് ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില് ഇരുവരും മത്സരിക്കുകയായിരുന്നു. എസ്ഡിപിഐ പിന്തുണ ലഭിച്ചതോടെ നിധീഷ് പ്രസിഡന്റായി.
ബിജെപി, എസ്ഡിപിഐ, സിപിഐഎം എന്നീ കക്ഷികളുടെ പിന്തുണയോടെ പ്രസിഡന്റാവരുതെന്ന് കെപിസിസി നിലപാട് വ്യക്തമാക്കിയിരുന്നു. ഈ നിലപാടിന്റെ അടിസ്ഥാനത്തില് എസ്ഡിപിഐ പിന്തുണയില് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന് നിധീഷിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയതോടെയാണ് നിധീഷിനെ പാര്ട്ടിയില് നിന്ന് പുറത്താക്കിയത്.
Content Highlights: DCC action against varghese chowannur on sdpi udf deal