'പൊലീസ് തറവാട് സ്വത്താണോ? പിണറായി വിജയന്‍ കേരളത്തിന് അപമാനം': വി ഡി സതീശൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണോ പ്രശ്‌നമെന്നും വി ഡി സതീശന്‍ ചോദിച്ചു

തിരുവനന്തപുരം:  കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ കസ്റ്റഡിയില്‍ എടുത്തത് ഏകാധിപതിയുടെ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് കേരളമാണെന്നും സ്റ്റാലിന്റെ റഷ്യയല്ലെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണോ പ്രശ്‌നമെന്നും വി ഡി സതീശന്‍ ചോദിച്ചു.

'മിസ്റ്റര്‍ പിണറായി വിജയന്‍ ആരെയാണ് പേടിപ്പിക്കാന്‍ നോക്കുന്നത്? ഞങ്ങളെയാണോ? ഭരണം അവസാനിക്കാന്‍ പോകുമ്പോഴുള്ള അഹങ്കാരമാണിത്. പേടിപ്പിക്കാന്‍ വരേണ്ട, അങ്ങനെ യുഡിഎഫ് പിന്‍മാറില്ല. പിണറായി വിജയന്‍ കേരളത്തിന് അപമാനമാണ്. എന്തും ചെയ്യാമെന്ന ധാരണ വേണ്ട', വി ഡി സതീശന്‍ പറഞ്ഞു.

താന്‍ അടക്കമുള്ളവര്‍ ഡാന്‍സ് കളിക്കുന്ന വീഡിയോയും ബോക്‌സിംഗ് ചെയ്യുന്ന വീഡിയോകളും എഐയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചു. കേസെടുത്തോയെന്നും പൊലീസ് നിങ്ങളുടെ തറവാട് സ്വത്താണോയെന്നും സിപിഐഎമ്മിനോട് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഈ പേടിപ്പിക്കലൊക്കെ കഴിയാറായല്ലോ. തങ്ങളുടെ എല്ലാ പ്രവര്‍ത്തകരോടും മുഖ്യമന്ത്രിയും പോറ്റിയും നില്‍ക്കുന്ന പടം സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് സുബ്രഹ്‌മണ്യത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ബിഎന്‍എസ് 122 വകുപ്പ് പ്രകാരം ചേവായൂര്‍ പൊലീസായിരുന്നു സുബ്രഹ്‌മണ്യത്തിനെതിരെ സ്വമേധയാ കേസെടുത്തത്. പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയായിരുന്നു എഐ ചിത്രം എന്‍ സുബ്രഹ്‌മണ്യന്‍ ചിത്രം പങ്കുവെച്ചത്.

Content Highlights: vd satheesan against pinarayi vijayan

To advertise here,contact us