ലാലി ജെയിംസിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ നടപടി; ആരോപണങ്ങളില്‍ മറുപടി പറയാനില്ല: തൃശൂർ മേയർ

താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പൂച്ചെണ്ടുകളും ഷാളും ഉപഹാരങ്ങളും ഒഴിവാക്കണമെന്നും നിജി

തൃശൂര്‍: ലാലി ജെയിംസിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ നടപടിയെന്ന് തൃശൂര്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍. പാര്‍ട്ടി എക്കാലവും എല്ലാ വിഷയങ്ങളിലും ഉചിതമായ നടപടിയാണ് സ്വീകരിക്കാറുള്ളത്. ലാലി ജെയിംസിന്റെ കാര്യത്തിലും ഉചിതമായ നടപടിയാണ് സ്വീകരിച്ചത്.തനിക്കെതിരായ ആരോപണങ്ങളില്‍ മറുപടി പറയാനില്ലെന്ന് പറഞ്ഞ നിജി ഇക്കാര്യത്തില്‍ പാര്‍ട്ടി മറുപടി പറയുമെന്നും വ്യക്തമാക്കി.

താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പൂച്ചെണ്ടുകളും ഷാളും ഉപഹാരങ്ങളും ഒഴിവാക്കണമെന്നും നിജി ആവശ്യപ്പെട്ടു. മേയര്‍ എന്ന നിലയില്‍ താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ലളിതമാക്കണം. തനിക്ക് തൃശൂര്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ ദാസനായി ഇരിക്കാനാണ് ആഗ്രഹമെന്നും നിജി കൂട്ടിച്ചേര്‍ത്തു.

മേയറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. നിജി ജെയിംസ് പണപ്പെട്ടിയുമായി കോണ്‍ഗ്രസ് നേതാക്കളെ കണ്ടെന്ന അഭ്യൂഹമുണ്ടെന്നും പണമില്ലാത്തതിനാലാണ് താന്‍ തഴയപ്പെട്ടതെന്നുമായിരുന്നു ലാലി ജെയിംസിന്റെ ആരോപണം. നിജി ജസ്റ്റിന്റെ സ്ഥാനമാനങ്ങളാണ് നേതൃത്വം ഇപ്പോള്‍ പറയുന്നത്. പാര്‍ട്ടി തന്നെ തഴഞ്ഞതില്‍ കടുത്ത വേദനയുണ്ടെന്നും ലാലി ജെയിംസ് പ്രതികരിച്ചിരുന്നു. പിന്നാലെ ലാലിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉറച്ച നില്‍ക്കുമെന്നായിരുന്നു ലാലി ജെയിംസിന്റെ നിലപാട്. കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത നടപടിയിലെ അതൃപ്തി പരസ്യമാക്കിയ ലാലി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെതിരെയും തുറന്നടിച്ചു.

കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്താലും ഇല്ലങ്കിലും മരണം വരെ കോണ്‍ഗ്രസുകാരിയിയായിരിക്കും. അഴിമതിയുള്ള ഫയലുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടും. അഴിമതിരഹിത ഭരണമാണ് ആഗ്രഹിക്കുന്നതെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: thrissur mayor says the party took appropriate action against Lali James

To advertise here,contact us