കാസർകോട്: പുല്ലൂർ -പെരിയയിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽനിന്നും വിട്ടുനിന്ന യുഡിഎഫ് അംഗങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നവരും ബിജെപിയും തമ്മിൽ അന്തർധാരയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നവർ രക്തസാക്ഷികളോട് പോലും കൂറില്ലാത്തവരാണ്. അവർക്ക് പിന്നിൽ ചിലരുണ്ട്. ഇപ്പോൾ ആരുടെയും പേര് പറയുന്നില്ല. നേതൃത്വം നടപടി എടുക്കണമെന്നും നടപടി എടുത്തില്ലെങ്കിൽ കടുത്ത നിലപാട് എടുക്കേണ്ടിവരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
യുഡിഎഫ്- ബിജെപി ബന്ധമെന്ന സിപിഐഎം ആരോപണം ശരിവെക്കുന്നതാണ് ഉണ്ണിത്താന്റെ പ്രതികരണം. പെരിയ ഇരട്ടക്കൊലയ്ക്ക് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ച പഞ്ചായത്താണിത്.
പുല്ലൂർ- പെരിയയിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായതിന് പിന്നാലെയാണ് യുഡിഎഫ് അംഗങ്ങളും ഒപ്പം ബിജെപി അംഗവും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നത്. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഒമ്പത് വീതവും ബിജെപിക്ക് ഒരു അംഗവുമാണ് ഉള്ളത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി എൽഡിഎഫിന്റെ ഒമ്പത് അംഗങ്ങളും ഹാജരായെങ്കിലും യുഡിഎഫ് അംഗങ്ങൾക്ക് പിന്നാലെ ബിജെപി അംഗം എ സന്തോഷ് കുമാറും വിട്ടുനിന്നു. തുടർന്ന് കോറം തികയാതെ വന്നതോടെ വരണാധികാരി വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു.
കോൺഗ്രസ് കോർ കമ്മിറ്റിയും ഡിസിസിയും നിശ്ചയിച്ച പെരിയയിൽനിന്നുള്ള ഉഷ എൻ നായരാണ്യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. ഇവരെ പ്രസിഡന്റായി അംഗീകരിക്കാൻ ഒരു വിഭാഗം തയ്യാറാകാതിരുന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഉഷയെ പ്രസിഡന്റും എം കെ ബാബുരാജിനെ വൈസ് പ്രസിഡന്റായും നിഷ്ചയിച്ചാണ് ഡിസിസി കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയത്. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ പങ്കെടുക്കാതിരിക്കുകയായിരുന്നു.
Content Highlights: Pullur-Periya Grama Panchayat president election; Rajmohan unnithan criticise congress members