മറ്റത്തൂരിൽ രാജിവെച്ച് BJPക്കൊപ്പം ചേർന്ന് കോൺഗ്രസ് അംഗങ്ങൾ; നടപടിയുമായി പാർട്ടി നേതൃത്വം

ഡിസിസി ജനറൽ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ് എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

തൃശൂർ: മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നാടകീയ നീക്കങ്ങളിൽ സംഘടനാതല നടപടിയുമായി കോൺഗ്രസ്. ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽനിന്നും രാജിവെച്ച് ബിജെപിക്കൊപ്പംചേർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയെ പഞ്ചായത്ത് പ്രസിഡന്റായിജയിപ്പിച്ചതിന് പിന്നാലെയാണ് നടപടി.

24 അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കലിനെയാണ് എട്ട് കോൺഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ചേർന്ന് പിന്തുണച്ചത്. അതേസമയം ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി. യുഡിഎഫിന് എട്ട് അംഗങ്ങളും എൽഡിഎഫിന് 10ഉം ബിജെപിക്ക് നാലും അംഗങ്ങളാണ് ഉണ്ടായിരുന്നത്.

കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തില്‍ നിന്നും വിജയിച്ച എട്ട് കോണ്‍ഗ്രസ് വാര്‍ഡ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. മറ്റത്തൂരില്‍ നടന്നത് ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സിപിഐഎം ആരോപിച്ചു. കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കളും ബിജെപി സംസ്ഥാന നേതാവും തെരഞ്ഞെടുപ്പ് ദിവസം പഞ്ചായത്തില്‍ ക്യാമ്പ് ചെയ്തു. ഇരു പാര്‍ട്ടികളും തമ്മില്‍ ഗൂഢാലോചന നടത്തിയാണ് ജനാധിപത്യം അട്ടിമറിച്ചതെന്നും സിപിഐഎം ആരോപിച്ചു.

Content Highlights: mattathur panchayat president election; Congress takes organizational action

To advertise here,contact us