'മുകളിൽ നിന്ന് ആരെയും കെട്ടിയിറക്കിയിട്ടില്ല, മേയറാകാത്തവർ എന്തൊക്കെ പറയും'; തൃശൂർ മേയർ വിവാദത്തിൽ വി ഡി സതീശൻ

അല്പസമയം മുൻപാണ് ലാലി ജെയിംസ് നിജി ജസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്

കൊച്ചി: തൃശൂർ, കൊച്ചി എന്നിവിടങ്ങളിലെ മേയർ സ്ഥാനാർത്ഥി വിവാദങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മേയർ സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തത് കൗസിലർമാരുടെ അഭിപ്രായം അടക്കം മാനിച്ചാണെന്നും നടപടിക്രമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരുന്നു തീരുമാനം എന്നായിരുന്നു സതീശന്റെ പ്രതികരണം. തന്റെ ഇടപെടൽ ഒരു ഘട്ടത്തിൽ പോലും ഉണ്ടായിട്ടില്ല എന്നും അങ്ങനെ ഉണ്ടാകാൻ പാടില്ല എന്നും സതീശൻ കൂട്ടിച്ചേർത്തു.

തൃശൂർ കോർപ്പറേഷൻ മേയർ വിവാദത്തിൽ ഗുരുതര ആരോപണമുന്നയിച്ച ലാലി ജെയിംസിനെ സതീശൻ തള്ളി. മേയറാകാത്തവർ എന്തൊക്കെ പറയും എന്നും മുകളിൽ നിന്ന് ആരെയും പാർട്ടി കെട്ടിയിറക്കിയിട്ടില്ല എന്നും സതീശൻ പറഞ്ഞു. നിജി ജസ്റ്റിൻ തന്റെ ജോലി വരെ കളഞ്ഞ് നിൽക്കുന്ന ആളാണ് എന്നും ഭൂരിപക്ഷ അഭിപ്രായം അവർക്കൊപ്പമായിരുന്നു എന്നും സതീശൻ പറഞ്ഞു.

ലാലി ജെയിംസ് നേരത്തെ നിജി ജസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നിജി ജസ്റ്റിൻ മേയർ ആയത് പണം നൽകിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ​ഗുരുതര വെളിപ്പെടുത്തലാണ് ലാലി ജെയിംസ് നടത്തിയത്. കെ സി വേണു​ഗോപാലിൻ്റെ ​ഗ്രൂപ്പിൽപ്പെട്ട തൃശ്ശൂർ ജില്ലയിലെ നേതാക്കൾക്കാണ് പണം നൽകിയതെന്നാണ് അഭ്യൂഹമെന്നും ലാലി ജെയിംസ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിരുന്നു. മൂന്ന് ദിവസം മുമ്പ് നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി പോകുന്നത് കണ്ടതായും ആരോപണമുണ്ടെന്ന് ലാലി ജെയിംസ് കൂട്ടിച്ചേർത്തു. മേയർ ആകുന്നതിന് തനിക്ക് തടസ്സമായത് പണം ഇല്ലായ്മ ആണെന്നും ലാലി ജെയിംസ് ആരോപിച്ചിരുന്നു.

കൊച്ചി മേയർ തർക്കവുമായി ബന്ധപ്പെട്ടും സതീശൻ പ്രതികരിച്ചു. മേയറെ തീരുമാനിക്കുന്നതിൽ താൻ ഇടപെട്ടില്ല എന്നാണ് ആരോപണം. ഞാൻ എന്നല്ല, ആരും ഇതിൽ ഇടപെടാൻ പാടില്ല. ഒരാളെയും നമ്മുടെ ഇഷ്ടപ്രകാരം വെക്കാൻ പാടില്ല. അതിനൊരു രീതിയുണ്ട്. മുൻകൂട്ടി പ്രഖ്യാപിക്കാത്ത സ്ഥലങ്ങളിൽ കെപിസിസി മാർഗനിർദേശം ഉള്ളതാണ്. ആ രീതിയാണ് ഇവിടെയും പിന്തുടർന്നത് എന്ന സതീശൻ പറഞ്ഞു. ഒന്നിൽകൂടുതൽ പേർ മേയറാകാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ് എന്നും സതീശൻ ചോദിച്ചു.

കൊച്ചി മേയർ സ്ഥാനാർത്ഥി നിർണയത്തിൽ ലത്തീൻ സഭ ഇടപെട്ടില്ല എന്നും സതീശൻ കൂട്ടിച്ചേർത്തു. തന്നോടോ ഡിസിസി പ്രസിഡന്റിനോടോ സഭ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനാർത്ഥിയെ കണ്ടത്തിയത് സ്വാഭാവിക നടപടിക്രമത്തിലൂടെയാണെന്നും സതീശൻ പറഞ്ഞു. നേരത്തെ ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസും ലത്തീൻ സഭയുടെ ഇടപെടൽ ഇല്ല എന്ന് പറഞ്ഞിരുന്നു.

കൊച്ചി മേയര്‍ സ്ഥാനത്തെച്ചൊല്ലി വലിയ വിവാദങ്ങളാണ് കോണ്‍ഗ്രസില്‍ നടന്നത്. വി കെ മിനിമോളും ഷൈനി മാത്യുവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്‍പ്പറേഷന്‍ പദവി പങ്കിടുക. 22 കൗണ്‍സിലര്‍മാര്‍ ഷൈനി മാത്യുവിനെ പിന്തുണച്ചപ്പോള്‍ 17 പേരുടെ പിന്തുണ വി കെ മിനി മോള്‍ക്ക് ലഭിച്ചു. ദീപ്തിക്കൊപ്പം നിന്നത് മൂന്നുപേര്‍ മാത്രമെന്നാണ് വിവരം.

മേയര്‍ സ്ഥാനാര്‍ത്ഥിയായി തന്നെ തഴഞ്ഞതില്‍ പരിഭവം പ്രകടിപ്പിച്ച് ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തിയിരുന്നു. നയിക്കണമെന്നാണ് നേതൃത്വം പറഞ്ഞുതെന്നും പിന്നീട് അതില്‍ മാറ്റമുണ്ടായത് എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടത് തന്നെ മാറ്റിയ തീരുമാനമെടുത്ത ആളുകളാണെന്നുമായിരുന്നു ദീപ്തിയുടെ പ്രതികരണം.

അതേസമയം, കൊച്ചി കോര്‍പ്പറേഷനില്‍ അഡ്വ. വി കെ മിനിമോളെ മേയറായി തെരഞ്ഞെടുത്തു. മിനി മോളും ഷൈനി മാത്യൂവും രണ്ടരക്കൊല്ലം വീതം മേയര്‍സ്ഥാനം വഹിക്കാനാണ് തീരുമാനം. പാലാരിവട്ടത്ത് നിന്നുള്ള പ്രതിനിധിയാണ് മിനിമോള്‍. ഷൈനി മാത്യൂ ഫോര്‍ട്ട് കൊച്ചിയെ പ്രതിനിധീകരിക്കുന്നു. വി കെ മിനിമോൾക്ക് 48 വോട്ടുകൾ ലഭിച്ചു. സ്വതന്ത്രനായി വിജയിച്ച ബാസ്റ്റിൻ ബാബുവിന്റെ വോട്ട് വി കെ മിനിമോൾക്ക് ലഭിച്ചു. എൽഡിഎഫിന്റെ അംബിക സുദ‍ർശന് 22 വോട്ടും ബിജെപിയുടെ പ്രിയ പ്രശാന്തിന് ആറ് വോട്ടും ലഭിച്ചു. കോര്‍പ്പറേഷനില്‍ യുഡിഎഫ് 46, എല്‍ഡിഎഫ് 20, എന്‍ഡിഎ ആറ്, മറ്റുള്ളവര്‍ നാല് എന്നിങ്ങനെയാണ് കക്ഷിനില.

To advertise here,contact us