തിരുവനന്തപുരം: മുന് ഡിജിപിയും ശാസ്തമംഗലം കൗണ്സിലറുമായ ആര് ശ്രീലേഖയുടെ വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി മേയര് വി വി രാജേഷും ഡെപ്യൂട്ടി മേയര് ആശാനാഥും. ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സന്ദര്ശനമെന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. എന്നാല്, എല്ലാ പ്രധാനപ്പെട്ട നേതാക്കളെയും കാണുമെന്നും തുടക്കം ഇവിടെ നിന്നാകട്ടെ എന്നുമായിരുന്നു വി വി രാജേഷിന്റെ പ്രതികരണം. ആരോഗ്യമേഖലയില് നടപ്പിലാക്കാന് പോകുന്ന മാറ്റങ്ങളെക്കുറിച്ച് ശ്രീലേഖയുടെ ഭർത്താവ് ഡോ. സേതുനാഥിനോട് സംസാരിച്ചുവെന്നും അദ്ദേഹം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വി വി രാജേഷ് പറഞ്ഞു.
സത്യപ്രതിജ്ഞ ചടങ്ങുകള്ക്കിടെ കൗണ്സില് ഹാളില് നിന്നും ആര് ശ്രീലേഖ ഇറങ്ങി പോയത് ചര്ച്ചകള്ക്ക് വഴി തെളിച്ചിരുന്നു. അതേസമയം രാഷ്ട്രീയ പരിചയ സമ്പത്തും തലസ്ഥാനത്ത് വി വി രാജേഷിനുള്ള സ്വാധീനവുമാണ് മേയര് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാനുണ്ടായ കാരണങ്ങള് എന്നാണ് റിപ്പോര്ട്ടുകള്. ആരാകും മേയര് എന്ന കാര്യത്തില് ആര്എസ്എസിന്റെ ഇടപെടലാണ് നിര്ണായകമായത്. ആര്എസ്എസ് പിന്തുണ പൂര്ണമായും ലഭിച്ചത് വി വി രാജേഷിനായിരുന്നു.
മേയര് സ്ഥാനാര്ത്ഥി എന്ന് വ്യക്തമാക്കിയായിരുന്നു ബിജെപി ആര് ശ്രീരേഖയെ അവതരിപ്പിച്ചിരുന്നത്. മത്സരത്തിന് ഇറങ്ങും മുന്പ് തന്നെ സംസ്ഥാന ഭാരവാഹികളില് ചിലര് മേയര് സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് സൂചനകളുണ്ട്. എന്നാല് ആര്എസ്എസിന്റെ ഇടപെടലാണ് ശ്രീലേഖയ്ക്ക് തിരിച്ചടിയായത് എന്നാണ് കരുതുന്നത്.
കേരളത്തിലെ ആദ്യത്തെ ബിജെപി മേയറാണ് വി വി രാജേഷ്. 100 അംഗ കൗണ്സിലില് 51 വോട്ടുകള് നേടിയായിരുന്നു രാജേഷിന്റെ വിജയം. ഡെപ്യൂട്ടി മേയറായി ജി എസ് ആശാനാഥിനെയും തെരഞ്ഞെടുത്തു. മേയര് തെരഞ്ഞെടുപ്പില് തര്ക്കം ഇല്ലെന്നും മാധ്യമങ്ങളാണ് വിവാദമുണ്ടാക്കാന് ശ്രമിക്കുന്നത് എന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് പറഞ്ഞത്.
Content Highlight; V V.Rajesh and Asha Nath Meet R Sreelekha at Her Residence