മേയർ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ പണം വാങ്ങിയെന്ന ആരോപണം; ലാലി ജെയിംസിനെതിരെ തൃശ്ശൂർ ഡിസിസി പ്രസിഡൻ്റ്

നിജിയെ മേയർ സ്ഥാനാർത്ഥിയാക്കിയത് എല്ലാ മാനദണ്ഡവും പാലിച്ചാണെന്നും ജോസഫ് ടാജറ്റ്

തൃശ്ശർ: മേയർ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് പണം വാങ്ങിയെന്ന ആരോപണം ഉന്നയിച്ച കൗൺസിലർ ലാലി ജെയിംസിനെതിരെ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. ലാലി ജെയിംസിനെതിരെ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി. നാലുതവണ മത്സരിച്ച ലാലി ആർക്കാണ് പെട്ടി കൊടുത്തതെന്നും ജോസഫ് ടാജറ്റ് ചോദിച്ചു. മേയർ സ്ഥാനാർത്ഥിക്ക് പെട്ടി കൊടുക്കണമെങ്കിൽ കൗൺസിലർ സ്ഥാനാർത്ഥിയാകാനും പെട്ടി കൊടുക്കേണ്ടെയെന്നും ജോസഫ് ടാ‍ജറ്റ് കൂട്ടിച്ചേർത്തു.

തൃശ്ശൂർ കോർപ്പറേഷനിലെ പാർലമെൻ്ററി പാർട്ടി തീരുമാനം, കൗൺസിൽ അഭിപ്രായം എല്ലാം മാനിച്ചാണ് നിജി ജസ്റ്റിനെ മേയർ സ്ഥാനത്തേയ്ക്ക് പരി​ഗണിച്ചതെന്നും ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി. നിജിയെ മേയർ സ്ഥാനാർത്ഥിയാക്കിയത് എല്ലാ മാനദണ്ഡവും പാലിച്ചാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ഇതിനിടെ മേയർ തെരഞ്ഞെടുപ്പിന് ശേഷം ലാലി ജെയിംസിനെതിരെ കോൺ​ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.

ഇതിനിടെ ലാലി ജെയിംസിന്റെ ആരോപണം മേയർ സ്ഥാനാർത്ഥി ഡോ. നിജി ജസ്റ്റിൻ തള്ളി. താൻ 28 വർഷമായി പാർട്ടിയിൽ പ്രവർത്തിച്ച് സംസ്ഥാന ജില്ലാ തലങ്ങളിൽ ചുമതലകൾ വഹിച്ചുവരുന്നയാളാണെന്നായിരുന്നു നിജി ജസ്റ്റിൻ്റെ പ്രതികരണം. 1999 മുതൽ പാർട്ടിയിൽ പ്രവർത്തിക്കുന്നയാളാണ് താനെന്നും വിവാദങ്ങളിൽ പകയ്ക്കുന്നയാളല്ലെന്നും നിജി ജസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്. 'അടുത്ത ദിവസങ്ങളിൽ ഡൽഹിയ്ക്ക് പോയിട്ടില്ല. നിങ്ങൾക്ക് എന്റെ യാത്രാ വിവരങ്ങൾ അന്വേഷിക്കാം. വിവാദങ്ങളിൽ ഇന്ന് പ്രതികരിക്കാനില്ല. നല്ലൊരു ദിവസമാണിന്ന്. മുന്നോട്ടുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. വിവാദങ്ങളെല്ലാം നേരിട്ട് തന്നെയാണ് വന്നത്. വിവാദങ്ങളിൽ പകയ്ക്കുന്നയാളല്ല. 28 വർഷമായി പാർട്ടി പ്രവർത്തകയാണ്. സ്ഥാനമാനങ്ങൾ വരും പോകും', നിജി ജസ്റ്റിൻ പറഞ്ഞു. മേയർ തെരഞ്ഞെടുപ്പിൽ മുഴുവൻ കോൺഗ്രസ് അംഗങ്ങളുടെയും വോട്ട് തനിക്ക് കിട്ടും. അതിൽ കൂടുതലും കിട്ടാൻ സാധ്യതയുണ്ട്. ലാലിയോട് ഒന്നും പറയാൻ ഇല്ല. പറയേണ്ടത് പാർട്ടി പറയും എന്നായിരുന്നു നിജിയുടെ പ്രതികരണം.

മേയർ സ്ഥാനാർത്ഥിയായി ഡോ. നിജി ജസ്റ്റിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ​ഗുരുതര ആരോപണങ്ങളായിരുന്നു കോൺ​ഗ്രസ് നേതാവ് ലാലി ജെയിംസ് ഉന്നയിച്ചത്. നിജി ജസ്റ്റിൻ മേയർ ആയത് പണം നൽകിയാണ് എന്ന അഭ്യൂഹം ഉണ്ടെന്ന ​ഗുരുതര വെളിപ്പെടുത്തലാണ് ലാലി ജെയിംസ് നടത്തിയത്. കെ സി വേണു​ഗോപാലിൻ്റെ ​ഗ്രൂപ്പിൽപ്പെട്ട തൃശ്ശൂർ ജില്ലയിലെ നേതാക്കൾക്കാണ് പണം നൽകിയതെന്നാണ് അഭ്യൂഹമെന്നും ലാലി ജെയിംസ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിരുന്നു. മൂന്ന് ദിവസം മുമ്പ് നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി പോകുന്നത് കണ്ടതായും ആരോപണമുണ്ടെന്നും മേയർ ആകുന്നതിന് തനിക്ക് തടസ്സമായത് പണം ഇല്ലായ്മ ആണെന്നും ലാലി ജെയിംസ് പ്രതികരിച്ചിരുന്നു.

Content Highlights:  Thrissur DCC President Accuses Laly James of Making Baseless Allegations

To advertise here,contact us