ശ്രീലേഖയെ വെട്ടി വി വി രാജേഷ്: മുരളീധര പക്ഷത്തിൻ്റെ 'സർജിക്കൽ സ്‌ട്രൈക്ക്'; രാജീവിനേറ്റത് കനത്ത തിരിച്ചടി

പദവികൾ ലഭിച്ചു തുടങ്ങുന്ന സമയത്ത് അവ സെലിബ്രിറ്റികൾക്ക് നൽകരുത് എന്നും പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ആളുകൾക്ക് അവ നല്കണമെന്നുമായിരുന്നു വി മുരളീധരൻ്റെ വാദം

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ തെരഞ്ഞെടുത്തത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പക്ഷത്തിനേറ്റ കനത്ത തിരിച്ചടിയെന്ന് വിലയിരുത്തൽ. മുൻ ഡിജിപിയായ ആർ ശ്രീലേഖയെ മേയർ സ്ഥാനാർത്ഥിയാകണം എന്ന നിലപാടായിരുന്നു രാജീവ് പക്ഷത്തിനുണ്ടായിരുന്നത്. എന്നാൽ വി മുരളീധരൻ ഇടപെട്ട് ഈ നീക്കത്തെ വെട്ടുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ജില്ലാ കൗൺസിൽ യോഗത്തിലും കൗൺസിലർമാരുടെ യോഗത്തിലും ശ്രീലേഖയുടെ പേര് തന്നെയാണ് ഉയർന്നുവന്നത്. എന്നാൽ ഉച്ചയോടെ തീരുമാനം മാറിമറിയുകയായിരുന്നു. വി മുരളീധരനാണ് ഇതിനായി ഇടപെട്ടത്. ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് വഴിയാണ് വി മുരളീധരൻ ഈ നീക്കം നടത്തിയത്. പദവികൾ ലഭിച്ചു തുടങ്ങുന്ന സമയത്ത് അവ സെലിബ്രിറ്റികൾക്ക് നൽകരുത് എന്നും പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ആളുകൾക്ക് അവ നല്കണമെന്നുമായിരുന്നു വി മുരളീധരന്റെ വാദം. ഇത് കേന്ദ്ര നേതൃത്വം അംഗീകരിച്ചതോടെയായിരുന്നു രാജേഷിന് നറുക്ക് വീണത്.

കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ തിരുവനന്തപുരം മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ തെരഞ്ഞെടുത്തത്. മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കാന്‍ ബിജെപിയില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. ശ്രീലേഖയുടെ പേരായിരുന്നു ഉയർന്നുകേട്ടിരുന്നത്. അവസാന നിമിഷം തന്റെ പേര് വെട്ടിയതിൽ ശ്രീലേഖക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാൽ നേതാക്കളുടെ അനുനയശ്രമത്തിനൊടുവില്‍ ആർ ശ്രീലേഖ ജില്ലാ കമ്മിറ്റി ഓഫീസിലെ യോഗത്തിനെത്തുകയായിരുന്നു. ജില്ലാ അധ്യക്ഷന്‍ അടക്കമുള്ളവർ വീട്ടിലെത്തി കണ്ടാണ് അനുനയ ശ്രമങ്ങള്‍ നടത്തിയത്.

തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായായിരുന്നു ബിജെപിയുടെ മുന്നേറ്റം. ആകെയുള്ള 101 സീറ്റിൽ എൻഡിഎ 50 സീറ്റ് നേടിയപ്പോൾ എൽഡിഎഫ് 29 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു. യുഡിഎഫ് 19 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് പോയി. രണ്ട് സ്വതന്ത്രരാണ് ജയിച്ചത്. വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കഴിഞ്ഞ തവണ 51 സീറ്റായിരുന്നു എൽഡിഎഫ് നേടിയത്. എൻഡിഎ 34 സീറ്റ് നേടിയപ്പോൾ 10 സീറ്റായിരുന്നു യുഡിഎഫിന് ലഭിച്ചത്.

Content Highlights: Thiruvananthapuram mayor post; what really happened at the last minute?

To advertise here,contact us