തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന് പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി ആര്എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്. ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേയെന്നും ഷിബു ബേബി ജോണ് ചോദിച്ചു.
പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയിൽ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാനും കഴിയില്ലയെന്നും ഷിബു ബേബി ജോണ് പറഞ്ഞു. പോറ്റിക്കൊപ്പം നിൽക്കുന്ന മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വർണ്ണം പമ്പ കടന്നുപോയതെന്നും എന്നിട്ടും മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതിൽ യാതൊരു ദുരൂഹതയും തോന്നാത്തതെന്നും അദ്ദേഹം പറഞ്ഞു. കൂടെ ഇരിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
ഈ ചിത്രങ്ങൾ നേരത്തെ എന്റെ കയ്യിൽ ഉണ്ടായിരുന്നതാണ്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ?
പോറ്റി സോണിയ ഗാന്ധിയെ കണ്ടപ്പോഴല്ല ശബരിമലയിൽ മോഷണം നടന്നത്. സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാനും കഴിയില്ല. മറിച്ച് ഈ ചിത്രത്തിൽ പോറ്റിക്കൊപ്പം നിൽക്കുന്ന മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് ശബരിമലയിലെ സ്വർണ്ണം പമ്പ കടന്നുപോയത്.
ഇവർ ഇരിക്കുന്നത് ബാംഗ്ലൂർ എയർപോർട്ടിൽ ആണെന്ന് തോന്നുന്നു. കടകംപള്ളിയും പോറ്റിയും തമ്മിൽ എന്താണ് ഇടപാട്? കൂടെ ഇരിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇവരുമായി എന്താണ് ബന്ധം? മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് ഇതിൽ യാതൊരു ദുരൂഹതയും തോന്നാത്തത്?
Content Highlight : Shibu Baby John shares a photo of Kadakampally Surendran and Unnikrishnan Potty together