കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തോട് സമസ്ത യോജിക്കുന്നില്ലെന്ന് അധ്യക്ഷന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്. എന്നാല് അവരെന്ന മനുഷ്യരോട് സ്നേഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സമസ്ത സന്ദേശ യാത്രയില് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്.
മുസ്ലിങ്ങളെ തീവ്രവാദിയും വര്ഗീയവാദിയുമാക്കുന്ന ഒരുകൂട്ടര് ഇവിടെയുണ്ട്. എന്നാല് ഈ സംഘടനയുടെ നിലനില്പ്പ് മനസിലാക്കിയാണ് വിവിധ രാഷ്ട്രീയപാര്ട്ടിക്കാര് ഇവിടെ സംസാരിക്കാന് എത്തിയത്. മുസ്ലിങ്ങള് അടങ്ങുന്ന മറ്റു ന്യൂനപക്ഷങ്ങളെ അടിച്ചമര്ത്താന് പാടില്ല. ന്യൂനപക്ഷങ്ങള് രാജ്യവിരുദ്ധരാണെന്ന് ചിത്രീകരിക്കാന് പാടില്ല. ആളുകളെ തെറ്റിധരിപ്പിക്കുന്ന വാട്സാപ്പ് സന്ദേശങ്ങളില് നിന്ന് വിട്ടുനില്ക്കണമെന്നും അദ്ദേഹം അഭ്യര്ത്ഥിച്ചു.
ജനാധിപത്യം നിലനില്ക്കണം. എസ്ഐആറില് പേരുണ്ടോയെന്ന് നോക്കണം. അതില് നിന്നൊക്കെ പുറത്തായാല് പല ആപത്തുകളും സംഭവിക്കാന് സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാ രാഷ്ട്രീയ പാര്ട്ടികളുമായി യോജിക്കണം. പൊതുനന്മയ്ക്ക് വേണ്ടി ആരുമായും യോജിക്കാം. പക്ഷേ ആശയപരമായി യോജിക്കാന് പറ്റില്ലെന്നും ജിഫ്രി തങ്ങള് പറഞ്ഞു.
സമസ്തയ്ക്ക് രാഷ്ട്രീയമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല് ഉലമ മുശാവറ അംഗം ഉമര് ഫൈസി മുക്കവും പ്രതികരിച്ചു. സമസ്തയുടെ ശതാബ്ദി സന്ദേശ യാത്രയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക വിരുദ്ധമല്ലാത്ത ഏത് പാര്ട്ടിയിലും ചേരാമെന്നും മാധ്യമങ്ങള് മുദ്രകുത്തുന്നതില് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ലീഗ് അനുകൂല, ലീഗ് വിരുദ്ധ വിഭാഗമെന്നെല്ലാം മാധ്യമങ്ങള് പറയും. രാഷ്ട്രീയക്കാര്ക്ക് മത്സരമുണ്ടാകും. അതുപോലെ സമസ്ത മത്സരിക്കണമെന്ന് പറയരുത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണും. ഭരിക്കുന്നവരില് നിന്നും പ്രതിപക്ഷത്തുനിന്നും നമുക്ക് അവകാശങ്ങള് കിട്ടാനുണ്ട്. അതിനായി അവരെ കാണും. അതിന് ഇടത് വലത് വ്യത്യാസമില്ലെന്നും വാട്സാപ്പില് കളിക്കുന്നവരാണ് ഇതൊക്കെ വിവാദമാക്കുന്നതെന്നും ഉമര് ഫൈസി മുക്കം കൂട്ടിച്ചേര്ത്തു.
Content Highlights: Muthukkoya Thangal says samastha isn't agrees with the ideology of Jamaat-e-Islami