കൊച്ചി: സംസ്ഥാന സർക്കാരിന്റെ മൃദുഹിന്ദുത്വ സമീപനം ന്യൂനപക്ഷ വോട്ട് അകറ്റിയെന്ന വിമർശനവുമായി കെപിഎംഎസ്. ശബരിമല സ്വർണ്ണക്കൊള്ള വിവാദം തദ്ദേശ തെരഞ്ഞടുപ്പിൽ തിരിച്ചടിയായെന്നും സംസ്ഥാന സർക്കാരിൻ്റെ ചില നടപടികൾ കേന്ദ്ര ഭരണവുമായി സമരസപ്പെടുത്തുന്ന പ്രതീതിയുണ്ടായെന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.
പത്തുവർഷം അധികാരത്തിൽ ഇരിക്കുന്ന ഒരു സർക്കാരിനെ സംബന്ധിച്ച് ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും, അത് സ്വാഭാവികമാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് പറയുന്നത് ശരിയല്ല. ശബരിമല ജനങ്ങളെ സ്വാധീനിച്ച ഘടകമായി വേണം ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പലഘട്ടങ്ങളിലും കേന്ദ്ര ഭരണവും അതിന്റെ രാഷ്ട്രീയ നേതൃത്വവുമായി സംസ്ഥാന സർക്കാർ സമരസപ്പെടുന്ന പ്രതീതിയുണ്ടായി. പിഎം ശ്രീ പദ്ധതികളിലെ വിവാദവും ചർച്ചയും ശബരിമല അയ്യപ്പസംഗമം വിശ്വാസതലത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം എന്നിവയിലെ മൃദുഹിന്ദുത്വസമീപനവും ന്യൂനപക്ഷ വോട്ടർമാർക്കിടയിൽ ആശങ്ക ഉണ്ടാക്കിയെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും വേണം മനസിലാക്കാൻ.
നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിഎംഎസിന് കൃത്യമായ നിലപാട് ഉണ്ടാകുമെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. സാമൂഹിക നീതി ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആശയമായിരിക്കും കെപിഎംഎസിന്റേതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: sabarimala gold theft case affected local body election says KPMS leader Punnala Sreekumar