പാലായിൽ പുളിക്കക്കണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്; 21കാരി ദിയ നഗരസഭ ചെയർപേഴ്സണാവും

നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷ സ്ഥാനത്തെത്തും

കോട്ടയം: പാലായില്‍ പുളിയ്ക്കക്കണ്ടം കുടുംബവും യുഡിഎഫിനെ പിന്തുണയ്ക്കും. 21 കാരി ദിയ പുളിക്കക്കണ്ടം ചെയര്‍പേഴ്‌സണാവും. കോണ്‍ഗ്രസ് റിബല്‍ മായാ രാഹുല്‍ വൈസ് ചെയര്‍പേഴ്‌സണാവും. ഇതോടെ നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി കേരള കോണ്‍ഗ്രസ് എം പ്രതിപക്ഷ സ്ഥാനത്തെത്തും. മായയുടെയും പുളിക്കക്കണ്ടം കുടുംബത്തിന്റെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന് കേവലഭൂരിപക്ഷമായി.

പാലാ നഗരസഭ ആര് ഭരിക്കുമെന്നതില്‍ ബിനു പുളിക്കക്കണ്ടത്തിന്റെയും കുടുംബത്തിന്റെയും തീരുമാനം നിര്‍ണ്ണായകമായിരുന്നു. ബിനുവും മകള്‍ ദിയയും സഹോദരന്‍ ബിജുവും സ്വതന്ത്രരായി മത്സരിച്ചാണ് ഇവിടെ വിജയിച്ചത്. 26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10 എന്നതാണ് കക്ഷിനില. നാല് പേര്‍ സ്വതന്ത്ര അംഗങ്ങളാണ്.

ഇതില്‍ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബത്തില്‍ നിന്നും ഒരാള്‍ യുഡിഎഫ് വിമതയായി ജയിച്ച മായാ രാഹുലുമാണ്. ഏതെങ്കിലും മുന്നണിക്കൊപ്പം നിന്നാല്‍ വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം ദിയയ്ക്ക് നല്‍കണമെന്ന ആവശ്യമായിരുന്നു ബിനു ഉയര്‍ത്തിയത്. തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനവും ബിനു മുന്നോട്ട് വെച്ചിരുന്നു.

 മന്ത്രി വി എന്‍ വാസവനും സിപിഐഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥനും ഒന്നിച്ചെത്തി ബിനുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ യുഡിഎഫിനൊപ്പമാണെന്ന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് പുളിക്കക്കണ്ടം കുടുംബം.

Content Highlights: Pulikkandam family will support the UDF in Pala

To advertise here,contact us