തിരുവനന്തപുരം: കോര്പ്പറേഷനില് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്ര കൌണ്സിലര് പാറ്റൂര് രാധാകൃഷ്ണന്. മേയര്, ഡെപ്യൂട്ടി മേയര് തെരഞ്ഞെടുപ്പില് വി വി രാജേഷിനും ആശാനാഥിനും പിന്തുണ നല്കും.ഗ്രീന് ഫ്ലോ കണ്ണമ്മൂല എന്ന വികസനപത്രിക മൂന്ന് മുന്നണി സംവിധാനങ്ങള്ക്കും നല്കിയിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര് മാത്രമാണ് ഗ്രീന് ഫ്ലോ കണ്ണമ്മൂല പൂര്ണമായി നടപ്പിലാക്കാന് പിന്തുണയ്ക്കുമെന്ന് സമ്മതിച്ച് പരസ്യ പ്രസ്താവന പുറപ്പെടുവിച്ചത്.ഇതിന് പിന്നാലെയാണ് പാറ്റൂര് രാധാകൃഷ്ണന് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കണ്ണമ്മൂല ഡിവിഷനില് നിന്നും സ്വതന്ത്രനായാണ് പാറ്റൂര് രാധാകൃഷ്ണന് വിജയിച്ചത്.
യുഡിഎഫ് മേയർ സ്ഥാനാർഥി കെ എസ് ശബരീനാഥനെയും എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി ആർ പി ശിവജിയേയും കണ്ട് രാധാകൃഷ്ണൻ വികസന പത്രിക കൈമാറിയിരുന്നു. പാറ്റൂർ രാധാകൃഷ്ണനുമായി നടന്ന കൂടിക്കാഴ്ചയുടെ വിവരം രാജീവ് ചന്ദ്രശേഖർ ചിത്രം സഹിതം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
വികസന പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനും കണ്ണമ്മൂലയിലെ ജനങ്ങൾക്ക് യഥാർഥ പുരോഗതിയും വികസനവും ഉറപ്പാക്കുന്നതിനും എല്ലാവിധ പിന്തുണയും സഹായവും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തതായി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. 373 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പാറ്റൂർ രാധാകൃഷ്ണന്റെ വിജയം.
Content Highlights: Pattoor Radhakrishnan announces support for BJP in thiruvananthapuram corporation