ജോഷി ഫിലിപ്പ് കോട്ടയം ജില്ല പഞ്ചായത്ത് അധ്യക്ഷനാകും; ഒരു വര്‍ഷം കേരള കോണ്‍ഗ്രസിന്

കേരള കോണ്‍ഗ്രസിന്റെ ജോസ്‌മോന്‍ മുണ്ടക്കന്‍ അടുത്ത ടേമില്‍ അധ്യക്ഷനാകും

കോട്ടയം: ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷനാകും. കേരള കോണ്‍ഗ്രസിനും ഒരു വര്‍ഷം അധ്യക്ഷ സ്ഥാനം നല്‍കാനാണ് യുഡിഎഫില്‍ ധാരണ. കേരള കോണ്‍ഗ്രസിന്റെ ജോസ്‌മോന്‍ മുണ്ടക്കന്‍ അടുത്ത ടേമില്‍ അധ്യക്ഷനാകും. എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ ടേം എപ്പോഴാണെന്നതില്‍ തീരുമാനമായിട്ടില്ല.

2020ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി കേവല ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയിച്ച ജില്ലാ പഞ്ചായത്ത് ഇത്തവണ വീണ്ടും യുഡിഎഫ് പിടിക്കുകയായിരുന്നു. 23ല്‍ 17 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫിന് ആറ് സീറ്റ് മാത്രമേ നേടാന്‍ സാധിച്ചുള്ളു. കഴിഞ്ഞ തവണ ലഭിച്ച ഒരു സീറ്റ് പോലും ഇത്തവണ എന്‍ഡിഎയ്ക്ക് ലഭിച്ചില്ല.

കേരള കോണ്‍ഗ്രസ് എമ്മിനെ നേരിടാന്‍ കഴിഞ്ഞ തവണ ഘടകകക്ഷികള്‍ക്ക് നല്‍കിയ രണ്ട് സീറ്റുകള്‍ തിരിച്ചെടുത്ത് 16 സീറ്റില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഏഴ് സീറ്റില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചു. കഴിഞ്ഞ തവണ മാണി ഗ്രൂപ്പിന്റെ പിന്‍ബലത്തിലാണ് വിജയിച്ചതെന്ന വിലയിരുത്തലില്‍ ഇത്തവണ എല്‍ഡിഎഫ് മാണി വിഭാഗത്തിന് അര്‍ഹമായ പരിഗണന നല്‍കിയിരുന്നു.

എക്കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലാ പഞ്ചായത്തായിരുന്നു കോട്ടയത്തിന്റേത്. 2020ല്‍ എല്‍ഡിഎഫ് ജയിച്ചതും 2005ലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ വിജയിച്ചതും ഒഴിച്ചാല്‍ യുഡിഎഫിന്റെ കയ്യിലായിരുന്നു ജില്ലാ പഞ്ചായത്ത്. കേരള കോണ്‍ഗ്രസ് മാണി-ജോസഫ് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കവും ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ടാണ് ഉടലെടുത്തത്. 2015-20 ടേമിന്റെ അവസാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തെ ചൊല്ലിയാണ് ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായതും മാണി ഗ്രൂപ്പ് എല്‍ഡിഎഫിലേക്ക് മാറിയതും.

Content Highlights: Joshi Philip will be the president of Kottayam District Panchayat

To advertise here,contact us