തെരഞ്ഞെടുപ്പ് റദ്ദാക്കാൻ നിങ്ങളാണ് ഒസ്മാൻ ഹാദിയെ കൊന്നത്: മുഹമ്മദ് യൂനസിനെതിരെ ഹാദിയുടെ സഹോദരൻ

ബംഗ്ലാദേശിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് റദ്ദാക്കാൻ വേണ്ടിയാണ് സർക്കാർ ഹാദിയെ കൊലപ്പെടുത്തിയതെന്ന് സഹോദരൻ

ധാക്ക: ബംഗ്ലാദേശിൽ കൊല്ലപ്പെട്ട യുവ വിദ്യാർത്ഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിൽ രാജ്യത്ത് മുഹമ്മദ് യൂനസ് ഭരണകൂടത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഇതിനിടെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഒസ്മാൻ ഹാദിയുടെ സഹോദരൻ രംഗത്തെത്തി. ബംഗ്ലാദേശിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് റദ്ദാക്കാൻ വേണ്ടിയാണ് സർക്കാർ ഹാദിയെ കൊലപ്പെടുത്തിയതെന്ന് സഹോദരൻ ഷെരീഫ് ഒമർ ഹാദി ആരോപിച്ചു.

ഡിസംബർ 12നാണ് ധാക്കയിലെ ബിജോയ്നഗർ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ അജ്ഞാതർ ഒസ്മാൻ ഹാദിയെ വെടിവെച്ചത്. മുഖംമൂടി വെച്ചവരാണ് ഹാദിയുടെ തലയ്ക്ക് നേരെ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ ഹാദിയെ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു. 2026ൽ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയായിരുന്നു ഹാദി. ഇതിനിടെയായിരുന്നു ദാരുണാന്ത്യം.

കുടുബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച ഒമർ ഹാദി, അതിന് സാധിക്കുന്നില്ലെങ്കിൽ മുഹമ്മദ് യൂനസ് രാജ്യം വീട്ട് ഓടിപ്പോകണമെന്ന് പറഞ്ഞു. 'തന്റെ സഹോദരന്റെ കൊലപാതകത്തിന് കാരണം അധികാരത്തിലിരിക്കുന്നവരാണ്. അവർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. നിങ്ങളാണ് ഒസ്മാൻ ഹാദിയെ കൊന്നത്. അവനെ കാണിച്ച് നിങ്ങൾക്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമായിരുന്നു. ഹാദിക്ക് നീതി ലഭിച്ചില്ലെങ്കിൽ ഈ രാജ്യം വിട്ട് നിങ്ങൾ ഓടിപോകേണ്ടിവരും' മുഹമ്മദ് യൂനസിനോടായി ഒമർ ഹാദി പറഞ്ഞു.

ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് നിലത്തിറക്കിയ പ്രക്ഷോഭത്തിൽ ഹാദി മുൻനിരയിലുണ്ടായിരുന്നു. ഇത്തരത്തിൽ ബംഗ്ലാദേശിലെ 'ജെൻസി' തലമുറയ്ക്കിടയിലെ പ്രമുഖ നേതാവായിരുന്നു ഹാദി. ഇൻക്വിലാബ് മഞ്ചാ എന്ന സംഘടന സ്ഥാപിച്ചുകൊണ്ടാണ് ഒസ്മാൻ ഹാദി രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമാകുന്നത്. സാമൂഹ്യ സാംസ്‌കാരിക സംഘടന എന്ന രീതിയിലായിരുന്നു ഇൻക്വിലാബ് മഞ്ചായുടെ തുടക്കമെങ്കിലും പിന്നീട് തീവ്രനിലപാടുകളുള്ള സംഘടനയായാണ് ഇൻക്വിലാബ് മഞ്ച കണക്കാക്കപ്പെട്ടത്. 2024 ജൂലൈയിൽ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ സർക്കാരിനെതിരെ ഉയർന്ന വമ്പൻ പ്രതിഷേധത്തിന്റെ മുൻപന്തിയിൽ ഇൻക്വിലാബ് മഞ്ചായും ഹാദിയും ഉണ്ടായിരുന്നു. ഷെയ്ഖ് ഹസീനയുടെ സർക്കാരിനെയും അവാമി പാർട്ടിയെയും പിരിച്ചുവിടണമെന്ന ആവശ്യം ആദ്യം മുതൽ തന്നെ ഹാദി ഉയർത്തിയിരുന്നു. അവാമി ലീഗിലെ എല്ലാ നേതാക്കളും തീവ്രവാദികളാണെന്നായിരുന്നു ഹാദിയും അനുയായികളും വിശേഷിപ്പിച്ചത്.

ഹസീന സർക്കാരിനെ താഴെയിറക്കുന്നതിൽ പ്രധാനികൾ ആയിരുന്നെങ്കിലും പിന്നീട് വന്ന മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇൻക്വിലാബ് മഞ്ചായെ പിരിച്ചു വിടാനാണ് തീരുമാനിച്ചത്. യൂനസ് സർക്കാർ രാജ്യത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന വിമർശനവും ഹാദി ഇക്കഴിഞ്ഞ കാലയളവിൽ ഉയർത്തിയിരുന്നു. സംഘടന ഇല്ലാതായെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു ഹാദിയുടെ തീരുമാനം. ധാക്ക 8 നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഹാദി എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾക്കിടയിൽ വെച്ചാണ് ഹാദിയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നതും അത് ഒടുവിൽ മരണത്തിൽ കലാശിക്കുന്നതും.ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ പ്രതിഷേധം കനക്കുകയാണ്.

Content Highlights: you killed shariff osman hadi, to cancel polls; brother slams Muhammad Yunus

To advertise here,contact us