മുസ്‌ലിം ലീഗ് ആവശ്യപ്പെട്ട ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ പറ്റിയുള്ള തര്‍ക്കം പരിഹരിച്ചു; അഡ്വ. മുഹമ്മദ് ഷാ

പി കെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം

കൊച്ചി: മുസ്‌ലിം ലീഗ് ആവശ്യപ്പെട്ട കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ പറ്റിയുള്ള തര്‍ക്കം പരിഹരിച്ചുവെന്ന് ലീഗ് നേതാവ് അഡ്വ. മുഹമ്മദ് ഷാ. ഒരു വര്‍ഷം ഡെപ്യൂട്ടി മേയര്‍ഷിപ്പ് നല്‍കാമെന്ന് ധാരണയായെന്നും ടി കെ അഷറഫ് ഡെപ്യൂട്ടി മേയറാകുമെന്നും മുഹമ്മദ് ഷാ പറഞ്ഞു. കാലയളിവിന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മുഹമ്മദ് ഷാ വ്യക്തമാക്കി.

പി കെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. ലീഗിന്റെ ആവശ്യം ഡിസിസി പ്രസിഡന്റ് അറിഞ്ഞില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഡൊമിനിക് പ്രെസന്റേഷനുമായാണ് ലീഗ് സംസാരിച്ചതെന്നും മുഹമ്മദ് ഷാ പറഞ്ഞു.

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിന് ശേഷം അതൃപ്തി വ്യക്തമാക്കി ലീഗ് രംഗത്തെത്തിയിരുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള അതൃപ്തിയായിരുന്നു ലീഗ് പ്രകടിപ്പിച്ചത്. ലീഗ്, കോണ്‍ഗ്രസ് ചര്‍ച്ച നടക്കുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഡെപ്യൂട്ടി മേയറെ പ്രഖ്യാപിച്ചതില്‍ പ്രശ്‌നമുണ്ടെന്നായിരുന്നു ലീഗിന്റെ പക്ഷം. ഇതിന് പിന്നാലെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിച്ചതായി മുസ്‌ലിം ലീഗ് വ്യക്തമാക്കിയത്.

അതേസമയം, കൊച്ചി കോര്‍പ്പറേഷനില്‍ ആദ്യത്തെ രണ്ടര വര്‍ഷം വി കെ മിനിമോളും അടുത്ത രണ്ടര വര്‍ഷം ഷൈനി മാത്യുവും മേയറാകും. എറണാകുളം ഡിസിസിയാണ് പ്രഖ്യാപനം നടത്തി. ഡെപ്യൂട്ടി മേയര്‍ പദവിയും ടേം വ്യവസ്ഥയിലാണ്. ദീപക് ജോയ്, കെ വി പി കൃഷ്ണകുമാര്‍ എന്നിവര്‍ ഡെപ്യൂട്ടി മേയര്‍ പദവി പങ്കിടും. ഇതോടൊപ്പമാണ് ലീഗിന്റെ ആവശ്യവും പരിഗണിക്കുക. ദീപക് ജോയ്ക്കാണ് ആദ്യ ടേമില്‍ ഊഴം. രണ്ടാമത്തെ രണ്ടര വര്‍ഷം കെ വി പി കൃഷ്ണകുമാര്‍ ഡെപ്യൂട്ടി മേയറാകും.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൂടുതല്‍ പിന്തുണ ലഭിച്ചത് ഷൈനി മാത്യുവിനായിരുന്നു. 19 പേര്‍ ഷൈനി മാത്യുവിനെയും 17 പേര്‍ വി കെ മിനിയെയും പിന്തുണച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കൂടി അനുമതിയോടെയാണ് മിനിമോളും ഷൈനിയും മേയര്‍ സ്ഥാനം പങ്കിടാനുള്ള തീരുമാനമായതെന്നും സൂചനയുണ്ട്.

Content Highlight; The dispute over the post of Deputy Mayor demanded by the Muslim League has been resolved; Adv. Muhammad Shah

To advertise here,contact us