തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രമേയമായ 'പോറ്റിയെ കേറ്റിയെ' എന്ന വിവാദ പാരഡി ഗാനത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് സർക്കാരിന്റെ നയമല്ലെന്നും പരാതിയിൽ പൊലീസ് കേസ് എടുത്തത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'കേസ് കേസിന്റെ വഴിക്ക് പോകും. അതിൽ ഞങ്ങളുടെ സർക്കാരിന് കൃത്യമായ നയമുണ്ട്. ആ നയം ഇതുപോലുള്ള കാര്യങ്ങൾ കേസ് കൊണ്ട് നേരിടുക എന്നതല്ല. പാട്ടെല്ലാം ഏതെല്ലാം തരത്തിലുള്ള പാട്ടുകൾ വരാറുണ്ട്. ഒരു പരാതി ചെന്നാൽ കേസ് എടുത്തിട്ടുണ്ടാകും. പക്ഷേ അതിൽ സർക്കാരിന്റെ നയമല്ലേ പിന്നീട് നടപ്പാകുന്നത്' എന്നും മുഖ്യമന്ത്രി ചോദിച്ചു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട 'പോറ്റിയെ കേറ്റിയെ' എന്ന പ്രചാരണ ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന ജനറല് സെക്രട്ടറി പ്രസാദ് കുഴികാല ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരുന്നത്. അയ്യപ്പഭക്തിഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നായിരുന്നു പരാതി. പാരഡി ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി. 'പോറ്റിയെ കേറ്റിയെ' എന്ന് തുടങ്ങുന്ന ഗാനം അംഗീകരിക്കാൻ കഴിയില്ല. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഗാനം പ്രചരിപ്പിക്കുന്നു. ഭക്തരുടെ വിശ്വാസത്തെ ഇത് ചോദ്യം ചെയ്യുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് ഗാനരചയിതാവ്, പാട്ട് പാടിയ വ്യക്തി, പാട്ടിന്റെ നിർമാതാവ് എന്നിവർക്കെതിരെ കേസ് എടുത്തത്. മതസ്പർധയുണ്ടാക്കി, വിശ്വാസം വ്രണപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.
അതേസമയം ശബരിമല സ്വർണ്ണക്കേസിൽ ഏതെല്ലാം തരത്തിൽ എൽഡിഎഫിനെ മോശക്കാരായി ചിത്രീകരിക്കാൻ പറ്റുമോ അതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി മുദ്രാവാക്യങ്ങളും പാട്ടുകളും സഖാക്കളെ കള്ളന്മാരെന്ന് വിളിക്കുന്നതടക്കമുള്ള പലതും നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില് എല്ഡിഎഫിനെ സ്വര്ണക്കൊള്ള ബാധിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില് പന്തളം ബിജെപിക്ക് നഷ്ടപ്പെട്ടു. ശബരിമല സ്വാധീനമുണ്ടെങ്കില് പന്തളത്ത് ബിജെപിക്ക് നേട്ടമുണ്ടാകേണ്ടതായിരുന്നു. അങ്ങനെ ഉണ്ടായിട്ടില്ലല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്വര്ണക്കൊള്ള കേസിലെ പ്രതികള് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത് എങ്ങനെയെന്ന ചോദ്യവും മുഖ്യമന്ത്രി ഉന്നയിച്ചു. ഉണ്ണികൃഷ്ണന് പോറ്റിയും ഗോവര്ദ്ധനും സോണിയാ ഗാന്ധിക്കൊപ്പം നില്ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സോണിയാ ഗാന്ധിയുടെ അപ്പോയിന്മെന്റ് ലഭിക്കാന് കോണ്ഗ്രസ് നേതാക്കള്ക്ക് തന്നെ ബുദ്ധിമുട്ടാണ്. കരുണാകരന് പോലും സോണിയയെ കാണാന് അനുമതി ലഭിക്കാതിരുന്നിട്ടുണ്ട്. അത്തരം സാഹചര്യത്തില് സോണിയയുമായി സ്വര്ണക്കൊള്ള കേസിലെ പ്രതികള് എങ്ങനെ കൂടിക്കാഴ്ച്ച നടത്തിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അടൂര് പ്രകാശിനും ആന്റോ ആന്റണിക്കും പോറ്റിയും ഗോവര്ദ്ധനുമായി എന്താണ് ബന്ധം. അതുകൂടി പ്രതിപക്ഷ നേതാവും മുന് പ്രതിപക്ഷ നേതാവും ജനങ്ങളോട് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്വര്ണക്കൊള്ളയില് കേസ് നടക്കുകയാണ്. കേസില് തട്ടിപ്പ് നടത്തിയത് ഏത് വിഭാഗത്തില്പ്പെടുന്നവരാണെങ്കിലും ശിക്ഷ അനുഭവിക്കണം. പ്രത്യേക അന്വേഷണ സംഘം ഫലപ്രദമായ നടപടികള് സ്വീകരിക്കുന്നുണ്ട്. കാര്യങ്ങള് കൃത്യമായി കണ്ടെത്തി അന്വേഷണം ആ വഴിക്ക് പോകട്ടെയെന്നാണ് സര്ക്കാര് നിലപാടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
Content Highlights: Pinarayi Vijayan reacts to police action against controversial song 'Pottiye Ketitye'