രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റില്ല; പാലക്കാട് മണ്ഡലത്തില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ കോണ്‍ഗ്രസ്

പാലക്കാട് ജില്ലയിലെ ഒരു നേതാവിന് അവസരം നല്‍കണം എന്ന ആവശ്യം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചാല്‍ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ ഇറക്കുന്നതിലൂടെ വിവാദം മറികടക്കാന്‍ സാധിക്കുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു. വനിതയെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇത് പാര്‍ട്ടിക്ക് ഉണ്ടാക്കിയ തിരിച്ചടിയും മറികടക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിലിറക്കാനാണ് തീരുമാനം. ജനുവരി അവസാനത്തിനകം തീരുമാനമുണ്ടാകുമെന്നാണ് വിവരം. ലൈംഗികാത്രികമ കേസില്‍ പ്രതിയായ രാഹുല്‍ നിലവില്‍ രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്.

പാലക്കാട് ജില്ലയിലെ ഒരു നേതാവിന് അവസരം നല്‍കണം എന്ന ആവശ്യം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. ജില്ലാ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു രാഹുലിനെ മണ്ഡലത്തില്‍ മത്സരിപ്പിച്ചിരുന്നത്. രാഹുലിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതിനെ പരസ്യമായി വിമര്‍ശിച്ചായിരുന്നു പി സരിന്‍ അടക്കം യുവ നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുല്‍ മണ്ഡലത്തില്‍ വിജയിച്ചത്. എന്നാല്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് കൃത്യം ഒരു വര്‍ഷം തികയുന്ന ദിവസം ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് രാഹുല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നു.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടെങ്കിലും രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല. രണ്ട് ലൈംഗികാതിക്രമക്കേസിലും മുന്‍കൂര്‍ജാമ്യം ലഭിച്ച രാഹുല്‍ നിലവില്‍ മണ്ഡലത്തില്‍ സജീവമാണ്. കേസിന് പിന്നാലെ തുടര്‍ച്ചയായ 38 ദിവസം ഒളിവില്‍ കഴിഞ്ഞ രാഹുല്‍ ജാമ്യം കിട്ടിയതിന് പിന്നാലെ മണ്ഡലത്തിലെത്തി നിവേദനങ്ങള്‍ സ്വീകരിക്കുകയും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിലും രാഹുൽ മണ്ഡലത്തിലെത്തി സ്ഥാനാർത്ഥികൾക്കായി വോട്ട് തേടിയിരുന്നു. മുന്നണി നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്നസാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലെ പൂർണ്ണമായും ഒഴിവാക്കാനാണ് തീരുമാനം.

Content Highlights: palakkad assembly election Congress to field surprise candidate

To advertise here,contact us