'കരുണാകരന് ലഭിക്കാതിരുന്ന സോണിയയുടെ അപ്പോയിന്റ്‌മെന്റ്‌ ഗോവർദ്ധനും പോറ്റിക്കും എങ്ങനെ കിട്ടി'; മുഖ്യമന്ത്രി

സ്വർണക്കൊള്ള കേസില്‍ തട്ടിപ്പ് നടത്തിയത് ഏത് വിഭാഗത്തില്‍പ്പെടുന്നവരാണെങ്കിലും ശിക്ഷ അനുഭവിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത് എങ്ങനെയെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ദ്ധനും സോണിയാ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സോണിയാ ഗാന്ധിയുടെ അപ്പോയിന്‍മെന്റ് ലഭിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ ബുദ്ധിമുട്ടാണ്. കരുണാകരന് പോലും സോണിയയെ കാണാന്‍ അനുമതി ലഭിക്കാതിരുന്നിട്ടുണ്ട്. അത്തരം സാഹചര്യത്തില്‍ സോണിയയുമായി സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ എങ്ങനെ കൂടിക്കാഴ്ച്ച നടത്തിയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അടൂര്‍ പ്രകാശിനും ആന്റോ ആന്റണിക്കും പോറ്റിയും ഗോവര്‍ദ്ധനുമായി എന്താണ് ബന്ധം. അതുകൂടി പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും ജനങ്ങളോട് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് നടക്കുകയാണ്. കേസില്‍ തട്ടിപ്പ് നടത്തിയത് ഏത് വിഭാഗത്തില്‍പ്പെടുന്നവരാണെങ്കിലും ശിക്ഷ അനുഭവിക്കണം. പ്രത്യേക അന്വേഷണ സംഘം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കാര്യങ്ങള്‍ കൃത്യമായി കണ്ടെത്തി അന്വേഷണം ആ വഴിക്ക് പോകട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ സ്വര്‍ണക്കൊള്ള ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം ബിജെപിക്ക് നഷ്ടപ്പെട്ടു. ശബരിമല സ്വാധീനമുണ്ടെങ്കില്‍ പന്തളത്ത് ബിജെപിക്ക് നേട്ടമുണ്ടാകേണ്ടതായിരുന്നു. അങ്ങനെ ഉണ്ടായിട്ടില്ലല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കൊള്ള എല്‍ഡിഎഫിനെ ബാധിച്ചിട്ടില്ല. പ്രധാന പ്രതിപക്ഷമായി കോണ്‍ഗ്രസ് നിന്നിട്ടും ഇത്തവണ പാലക്കാട് ബിജെപി കൊണ്ടുപോയി. സംസ്ഥാനത്ത് ഇപ്പോളും ബിജെപിയെ നേരിടുന്നത് എല്‍ഡിഎഫാണ്. തിരുവനന്തപുരത്തുണ്ടായത് പ്രത്യേക സാഹചര്യമാണ്. ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും പ്രാദേശികമായി അണിനിരന്ന സ്ഥിതിയുണ്ടായി. ബിജെപി മുന്നോട്ടുവെച്ചത് അത്യന്തം അപകടകരമായ വര്‍ഗീയ രാഷ്ട്രീയമാണ്. അതിനെ തോല്‍പ്പിക്കാനായത് എല്‍ഡിഎഫിന് മാത്രമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ആനുകൂല്യങ്ങള്‍ നല്‍കുന്നതും വോട്ടിന് വേണ്ടിയല്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമത്തില്‍ വെള്ളാപ്പള്ളി കാറില്‍ കയറ്റിയ സംഭവത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. വെള്ളാപ്പള്ളി കാറില്‍ കയറിയത് തെറ്റല്ല. ചിലര്‍ അത് വലിയ അപരാധമായി ചിത്രീകരിക്കുന്നു. നടന്ന് പോകുന്നത് കണ്ടപ്പോള്‍ കാറില്‍ കയറ്റിയതാണ്. അതില്‍ ഒരു തെറ്റും കാണാനാവുന്നില്ലെന്നായിരുന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധമല്ല എന്റെ വാക്കുകളെന്ന് വെള്ളാപ്പള്ളി നടേശന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'ഗവര്‍ണറും മുഖ്യമന്ത്രിയും സമവായമുണ്ടാകണമെന്നത് കോടതിയുടെ നിര്‍ദേശമാണ്. ഗവര്‍ണര്‍ രണ്ട് തവണ വിളിച്ചിരുന്നു, നമുക്ക് സംസാരിക്കാമെന്ന് പറഞ്ഞു. സമവായത്തിന് തയ്യാറാണെന്ന് ഗവര്‍ണര്‍ അറിയിച്ചു. സര്‍വകലാശാലയെ സംഘര്‍ഷ മേഖലയല്ലാതാക്കി മാറ്റാനാണ് ശ്രമിച്ചത്. ഗവര്‍ണര്‍ തന്നെ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight; 'How did Govardhan and Poti get Sonia's appointment'; Chief Minister

To advertise here,contact us