'മികച്ച വിജയത്തിന് ശേഷം കല്ലുകടി ശരിയല്ല'; ദീപ്തിയുടെ ആരോപണങ്ങൾ തള്ളി ഡൊമിനിക് പ്രസന്റേഷൻ

കോർ കമ്മിറ്റി കൂടിതന്നെയാണ് തീരുമാനം എടുത്തതെന്നും ഡൊമിനിക് പ്രസന്റേഷൻ

കൊച്ചി; കൊച്ചി കോര്‍പ്പറേഷനിലെ മേയര്‍ വിവാദത്തിൽ ദീപ്തി മേരി വർഗീസിന്‍റെ ആരോപണങ്ങൾ തള്ളി എറണാകുളം ജില്ലാ യുഡിഎഫ് ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ. ആഗ്രഹങ്ങൾ പലർക്കും കാണും തീരുമാനം ഒന്നേ ഉണ്ടാകുവെന്ന് ഡോമിനിക് പ്രസന്റേഷൻ വ്യക്തമാക്കി. കെപിസിസി മാനദണ്ഡങ്ങൾ പാലിച്ചാണ് മേയറെ തെരഞ്ഞെടുത്തതെന്നും കൗൺസിലർമാരുടെ പിന്തുണയാണ് തീരുമാനത്തിൽ നിർണായകമായതെന്നും അദ്ദേഹം പറഞ്ഞു.

കോർ കമ്മിറ്റി കൂടിതന്നെയാണ് തീരുമാനം എടുത്തത്. കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ കോർ കമ്മിറ്റിയിൽ പങ്കെടുത്തില്ലയെന്നും പങ്കെടുത്തിരുന്നെങ്കിൽ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമായിരുന്നുവെന്നും ഡോമിനിക് പറഞ്ഞു. മികച്ച വിജയത്തിൽ ഒരു കല്ലുകടി പോലെയായി വിവാദങ്ങളെന്നും എല്ലാവരുടെയും അഭിപ്രായത്തിലാണ് തീരുമാനം എടുത്തതെന്നും തീരുമാനത്തെ എല്ലാവരും അം​ഗീകരിച്ചുവെന്നും ഡോമിനിക് പ്രസന്റേഷൻ പ്രതികരിച്ചു.

എല്ലാവരും സംയമനം പാലിക്കണമെന്നും ഗ്രൂപ്പ് മാനേജർമാർ കൗൺസിലർമാരെ ഭീഷണിപ്പെടുത്തി എന്ന ആരോപണത്തിൽ വ്യക്തിപരമായ അഭിപ്രായമുള്ളവരാണ് എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ പുതിയ പവർ ഗ്രൂപ്പിനെ കുറിച്ച് തനിക്കറിയില്ലയെന്നും ഡൊമിനിക് വ്യക്തമാക്കി.

വി കെ മിനിമോളും ഷൈനി മാത്യൂവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്‍പ്പറേഷന്‍ പദവി പങ്കിടുക. 22 കൗണ്‍സിലര്‍മാര്‍ ഷൈനി മാത്യുവിനെ പിന്തുണച്ചപ്പോള്‍ 17 പേരുടെ പിന്തുണ വി കെ മിനി മോള്‍ക്ക് ലഭിച്ചു. ദീപ്തിക്കൊപ്പം നിന്നത് മൂന്നുപേര്‍ മാത്രമെന്നാണ് വിവരം. രണ്ടുപേര്‍ ദീപ്തിക്കും ഷൈനിക്കുമായി മേയര്‍പദവി പങ്കിടണമെന്ന് നിലപാടെടുക്കുകയായിരുന്നു.

ഏറ്റവും കൂടുതല്‍ പേര്‍ തുണച്ചത് ഷൈനി മാത്യുവിനെ എങ്കിലും വി കെ മിനി മോള്‍ക്ക് ആദ്യ ടേം നല്‍കാനാണ് ധാരണ. പ്രധാന നേതാക്കളുടെ നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അംഗീകരിക്കുകയായിരുന്നു. കെപിസിസി സര്‍ക്കുലര്‍ അട്ടിമറിച്ച തീരുമാനമെന്നാണ് ദീപ്തി അനുകൂലികളുടെ നിലപാട്. പാര്‍ലമെന്ററി പാര്‍ട്ടിയിലെ പിന്തുണ മാത്രം പരിഗണിച്ചാണെങ്കില്‍ ടേം വ്യവസ്ഥയില്ലാതെ ഷൈനി മാത്യുവിനെ പരിഗണിക്കേണ്ടതല്ലേ എന്നും ഇവര്‍ ചോദിക്കുന്നു.

Content Highlight : 'It's not right to throw stones after a great victory'; Dominic Presentation denies Deepthi's allegations

To advertise here,contact us