താൻ വിളിച്ച് സംസാരിച്ചെന്ന് സതീശൻ തെളിയിച്ചാൽ തല മൊട്ട അടിച്ച് മീശ എടുത്ത് നടക്കും; വിഷ്ണുപുരം ചന്ദ്രശേഖരൻ

വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാമരാജ് കോണ്‍ഗ്രസിന് ഒരുകാരണവശാലും യുഡിഎഫില്‍ പ്രവേശനം നല്‍കില്ലെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്

തിരുവനന്തപുരം: മുന്നണി പ്രവേശനം സംബന്ധിച്ച് താന്‍ വിളിച്ചെന്നും സംസാരിച്ചെന്നും പറയുന്ന കോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തെളിയിച്ചാല്‍ തല മൊട്ടയടിച്ച് മീശ എടുക്കുമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍. ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടത്തിയെങ്കില്‍ അത് കാണിക്കട്ടെ. രണ്ട് സമയത്ത് വി ഡി സതീശനെ വിളിച്ചിരുന്നു. ഗണ്‍മാന്‍ ആണ് എടുത്തത്. യോഗത്തിലാണെന്ന് മാത്രമാണ് പറഞ്ഞത്. മറ്റ് സംഭാഷണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.

'വി ഡി സതീശനെപ്പോലെ കള്ളം പറയുന്ന പാര്‍ട്ടിയോട് തര്‍ക്കിക്കാന്‍ മാത്രം വലിയ പാര്‍ട്ടിയല്ല കാമരാജ് കോണ്‍ഗ്രസ്. തര്‍ക്കിച്ച് ആളുകളെ പിണക്കാനില്ല. വിളിച്ച കോളുകള്‍ നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ തയ്യാറാണ്. എന്‍ഡിഎയില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സ്വതന്ത്രമായി മത്സരിക്കും. നാല് മാസം മുമ്പ് വി ഡി സതീശനുമായും കെ മുരളീധരനുമായും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും സംസാരിച്ചിരുന്നു. നേരത്തെ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. ഫലം അവര്‍ക്ക് കിട്ടി. നമുക്ക് മാത്രം ഒന്നും കിട്ടിയില്ല. വിലപേശല്‍ എന്നൊന്നില്ല. ജയിപ്പിക്കാന്‍ പറ്റിയില്ലേലും തോല്‍പ്പിക്കാന്‍ പറ്റും', വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.

വിഷ്ണുപുരം ചന്ദ്രശേഖരന്‍ താല്‍പര്യം പ്രകടിപ്പിച്ചാലും ഇനി സഹകരണം വേണ്ടെന്ന കോണ്‍ഗ്രസ് തീരുമാനത്തോട് 'ഞങ്ങളെ സംബന്ധിച്ച് ഇരന്നുപോകേണ്ട ആവശ്യമില്ല. കതക് അടച്ചെങ്കില്‍ താക്കോലും അവര് കൈയ്യില്‍ വെച്ചോട്ടെ', എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിഷ്ണുപുരം ചന്ദ്രശേഖരന്റെ കാമരാജ് കോണ്‍ഗ്രസിന് ഒരുകാരണവശാലും യുഡിഎഫില്‍ പ്രവേശനം നല്‍കില്ലെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. മുതിര്‍ന്ന നേതാക്കള്‍ കൂടി ഇടപെട്ട് നിരന്തരമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് അസോസിയേറ്റ് അംഗമാക്കാന്‍ തീരുമാനിച്ചത്. അയാളുമായി നിരന്തരം സംസാരിച്ചിരുന്നു. ഇങ്ങനെ സംസാരിക്കാന്‍ ഞങ്ങള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കമോ സ്ഥലക്കച്ചവടമോ വല്ലതും ഉണ്ടോ എന്നും വി ഡി സതീശന്‍ ചോദിച്ചിരുന്നു.

Content Highlights: vishnupuram chandrasekharan Denied talk with V D Satheesan

To advertise here,contact us