തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളയില് മുഖം നോക്കാതെയുള്ള നടപടിയാണ് അന്വേഷണ സംഘം എടുക്കുന്നതെന്ന് മന്ത്രി വി ശിവന്കുട്ടി. ഇതുവരെ പിടിയിലായവര് ജയിലില് തന്നെ തുടരുകയാണ്. കേസില് ഉണ്ണികൃഷ്ണന് പോറ്റിയാണ് പ്രധാനിയെന്നും ശിവന്കുട്ടി പറഞ്ഞു. 'പോറ്റിയെ അവിടെ കൊണ്ടുവന്നത് ആരെന്ന് എല്ലാവര്ക്കും അറിയാം. 2016ന് മുന്പ് നടന്ന സംഭവം പിണറായി സര്ക്കാരിന്റെ തലയില് കെട്ടിവെക്കാന് കഴിയില്ല. സോണിയ ഗാന്ധിയുടെ വസതിയില് ഉണ്ണികൃഷ്ണന് പോറ്റി രണ്ട് തവണ സന്ദര്ശനം നടത്തിയിട്ടുണ്ട്. ആന്റോ ആന്റണി, അടൂര് പ്രകാശ്, പ്രയാര് ഗോപാലകൃഷ്ണന് ഉള്പ്പെടെയുള്ളവരാണ് അതിന് സഹായം നല്കിയത്.' വി ശിവന്കുട്ടി പറഞ്ഞു.
'ഇവര്ക്കെതിരെ നടപടിയെടുക്കാന് കോണ്ഗ്രസ് തയ്യാറാണോ. ഈ വിഷയത്തില് സംസാരിക്കാന് പോലും എംപിമാര് തയ്യാറാകുന്നില്ല. മാധ്യമങ്ങള്ക്ക് മുന്നില് വി ഡി സതീശന് ഈ ബന്ധത്തെക്കുറിച്ച് കൂടി പറയാന് തയ്യാറാവണം. പാരഡിയുടെ കൂടെ ഇതെല്ലാം ചേര്ക്കണം. സോണിയ ഗാന്ധിയുടെ വീട്ടില് പോയതും സന്ദര്ശനം നടത്തിയതും കൂടി ചേര്ത്താല് ഗംഭീരമാകും.' വി ശിവന്കുട്ടി പ്രതികരിച്ചു.
'2016 നു മുന്നേ പോറ്റി അന്നത്തെ ദേവസ്വം ബോര്ഡ് പ്രസിഡന്റിന്റെ കൂടെ നില്ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇതില് കോണ്ഗ്രസ്സിന്റെ പങ്ക് പറയാന് തയ്യാറാണോ? സോണിയ ഗാന്ധിക്ക് രക്ഷകെട്ടിയ സംഭവത്തില് മറുപടി പറയാന് തയ്യാറാണോ. കൂടെയുള്ള കോണ്ഗ്രസ് നേതാക്കള്ക്കുള്ള അവിശുദ്ധ ബന്ധം മാധ്യമങ്ങള്ക്ക് മുന്നില് പറയുമോ.' ഉണ്ണികൃഷ്ണന് പോറ്റി, കോണ്ഗ്രസ് നേതാക്കള്ക്ക് ഒപ്പമുള്ള ചിത്രം ഉയര്ത്തിക്കാട്ടിക്കൊണ്ട് വി ശിവന്കുട്ടി ചോദിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് തെരഞ്ഞെടുക്കപ്പെട്ടവര് നിയമം കാറ്റില് പറത്തുന്നുവെന്നും വി ശിവന്കുട്ടി പറഞ്ഞു. ഭരണഘടനയെയും നിയമങ്ങളെയും കാറ്റില് പറത്തുന്ന കാര്യങ്ങള് അംഗീകരിക്കാനാവില്ലെന്നും ശിവന്കുട്ടി പറഞ്ഞു. 'ചിലയിടങ്ങളില് വിവിധ പേരുകളിലാണ് വിജയിച്ചവർ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തരം സത്യപ്രതിജ്ഞകള്ക്ക് നിയമസാധ്യതയില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില് ഉള്ളവര്ക്ക് നിയമപരമായി സ്ഥാനം ഏറ്റെടുക്കാന് കഴിയില്ല. ഇതില് ബന്ധപ്പെട്ട ഉദ്യോഗസ്ഥര് കര്ശന നടപടി സ്വീകരിക്കണം.' വി ശിവൻകുട്ടി പറഞ്ഞു.
'നിയമപരമായി സത്യപ്രതിജ്ഞ ചെയ്യാന് ജനപ്രതിനിധികള് തയ്യാറാകണം. ജനാധിപത്യ പ്രക്രിയയെ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടി ഉപയോഗിക്കുന്നത് ശരിയല്ല.' വി ശിവന്കുട്ടി കൂട്ടിച്ചേര്ത്തു. പിഎം ശ്രീ ഉപസമിതിയുടെ കാര്യം നാളത്തെ ക്യാബിനറ്റില് തീരുമാനിക്കുമെന്ന് വി ശിവന്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പില് നേരിട്ട തോല്വിയുടെ അര്ത്ഥം എല്ഡിഎഫിന്റെ അടിത്തറ പോയി എന്നല്ലെന്നും കനത്ത തിരിച്ചടിയാണ് നേരിട്ടതെന്ന് പറയാന് കഴിയില്ലെന്നും വി ശിവന്കുട്ടി അവകാശപ്പെട്ടു.
'തിരുവനന്തപുരം നഗരസഭ നഷ്ടമായത് എന്തുകൊണ്ട് എന്ന കാര്യം പരിശോധിക്കും. എല്ഡിഎഫ് യോഗത്തില് എനിക്കെതിരെ വിമര്ശനങ്ങള് ഉണ്ടായിട്ടില്ല. തെറ്റ് ചെയ്തെങ്കിലാണല്ലോ വിമര്ശനങ്ങള് ഉണ്ടാവുക. ഭരണവിരുദ്ധ വികാരമുള്ളതായി ആരും പറഞ്ഞില്ല. പിഎം ശ്രീ തിരിച്ചടിയായി എന്നത് വെറുതെ പറയുന്ന കാര്യമാണ്. ആര്യാ രാജേന്ദ്രനെതിരെ ജില്ലാ കമ്മിറ്റിയില് പരാമര്ശമുണ്ടായി എന്നത് മാധ്യമങ്ങള് പറയുന്നതല്ലേ. നിങ്ങള് ആരും കമ്മിറ്റിയില് ഉണ്ടായിരുന്നില്ലല്ലോ.' വി ശിവന്കുട്ടി പറഞ്ഞു.
Content Highlight; V Sivankutty asking questions to VD Satheesan on Sabarimala gold theft