'ബംഗ്ലാദേശി എന്നാരോപിച്ച് അടിച്ച് കൊന്നവർ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രവാദ ചിന്തകൾ കൊണ്ട് ഭ്രാന്ത് പിടിച്ചവർ'

'ആർഎസ്എസ്സിന് ദേശീയ അധികാരം കിട്ടിയപ്പോൾ ഇന്ത്യയിൽ എന്താണോ സംഭവിച്ചത് അതാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ദേശീയ അധികാരം കിട്ടിയപ്പോൾ ബംഗ്ലാദേശിൽ സംഭവിക്കുന്നത്'

കൊച്ചി: പാലക്കാട് വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയതിൽ രൂക്ഷ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രാംനാരായൺ ഭാഗേലിനെ ബംഗ്ലാദേശി എന്നാരോപിച്ച് അടിച്ചു കൊന്നവർ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രവാദ ചിന്തകൾ കൊണ്ടു ഭ്രാന്ത് പിടിച്ചവരാണെന്ന് സനോജ് ഫേസ്ബുക്കിൽ കുറിച്ചു. ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷ സമുദായത്തിന് നേരെ ആക്രമണങ്ങൾ നടത്തുന്നവർ ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദ ആശയത്താൽ ഉന്മാദം പിടിച്ചവരാണ്.ആർഎസ്എസ്സിന് ദേശീയ അധികാരം കിട്ടിയപ്പോൾ ഇന്ത്യയിൽ എന്താണോ സംഭവിച്ചത് അതാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ദേശീയ അധികാരം കിട്ടിയപ്പോൾ ബംഗ്ലാദേശിൽ സംഭവിക്കുന്നതെന്നും സനോജ് കുറിച്ചു.

മതരാഷ്ട്രവാദം ഏത് തന്നെയായാലും സാധാരണ മനുഷ്യർക്ക് ദുരിതം മാത്രമാണ് നൽകുന്നത് എന്നാണ് ഇന്ത്യയും ബംഗ്ലാദേശും നമ്മോട് പറയുന്നത്. മതരാഷ്ട്രവാദികൾ ന്യൂനപക്ഷങ്ങൾക്ക് എതിരെ നടത്തുന്ന അക്രമങ്ങളിൽ ശക്തമായി പ്രതിഷേധിക്കുകയെന്നും സനോജ് വ്യക്തമാക്കി.

വി കെ സനോജിന്റെ കുറിപ്പിന്റെ പൂർണരൂപം…

വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായൺ ഭാഗേലിനെ ബംഗ്ലാദേശി എന്നാരോപിച്ച് അടിച്ചു കൊന്നവർ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രവാദ ചിന്തകൾ കൊണ്ടു ഭ്രാന്ത് പിടിച്ചവരാണ്.

ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷ സമുദായത്തിന് നേരെ ആക്രമണങ്ങൾ നടത്തുന്നവർ ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദ ആശയത്താൽ ഉന്മാദം പിടിച്ചവരാണ്. ആർഎസ്എസ്സിന് ദേശീയ അധികാരം കിട്ടിയപ്പോൾ ഇന്ത്യയിൽ എന്താണോ സംഭവിച്ചത് അതാണ് ജമാഅത്തെ ഇസ്‌ലാമിക്ക് ദേശീയ അധികാരം കിട്ടിയപ്പോൾ ബംഗ്ലാദേശിൽ സംഭവിക്കുന്നത്. മതരാഷ്ട്രവാദം ഏത് തന്നെയായാലും സാധാരണ മനുഷ്യർക്ക് ദുരിതം മാത്രമാണ് നൽകുന്നത് എന്നാണ് ഇന്ത്യയും ബംഗ്ലാദേശും നമ്മളോട് പറയുന്നത്.മതരാഷ്ട്രവാദികൾ ന്യൂനപക്ഷങ്ങൾക്ക് എതിരെ നടത്തുന്ന അക്രമങ്ങളിൽ ശക്തമായി പ്രതിഷേധിക്കുക.മതരാഷ്ട്രവാദം തുലയട്ടെമതനിരപേക്ഷത വളരട്ടെജനാധിപത്യം പുലരട്ടെ.

രാംനാരായണന്റെ മൃതദേഹം ഇന്ന് പുലർച്ചയോടെയാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. ഇന്ന് തന്നെ വിമാനമാർഗം മൃതദേഹം രാം നാരായണിന്റെ നാട്ടിലെത്തിക്കും. സര്‍ക്കാരാണ് യാത്രയുടെ ചെലവുകള്‍ വഹിക്കുന്നത്. രാംനാരായണന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഇന്നലെ തീരുമാനമായിരുന്നു. മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം നഷ്ടപരിഹാരം കൈമാറും. കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡി അപേക്ഷ അന്വേഷണസംഘം നാളെ സമര്‍പ്പിക്കും. സംഭവത്തില്‍ പ്രദേശവാസികളായ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം ആക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. എസ്‌ഐടി സംഘം അട്ടപ്പള്ളത്തെത്തി വീണ്ടും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കായി തമിഴ്‌നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം, വാളയാര്‍ ആള്‍ക്കൂട്ടകൊലയില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. അട്ടപ്പളളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കേസില്‍ നേരത്തെ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പതിനഞ്ചോളം പേര്‍ക്ക് പങ്കുള്ളതായി നേരത്തേ പൊലീസ് പറഞ്ഞിരുന്നു.

Content Highlights: v k sanoj reaction against rss and jamaate islami on the basis of Walayar and bangladesh issues

To advertise here,contact us