തിരുവനന്തപുരം: നിലവിലെ എസ്ഐആര് കരട് വോട്ടര് പട്ടികയില് പേര് ഉള്പ്പെടുത്താത്തവര്ക്ക് വീണ്ടും പേര് ചേര്ക്കാന് അവസരമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് രത്തന് ഖേല്ക്കര്. ഇതിനായി പ്രത്യേകം ഫോം പൂരിപ്പിച്ച് നല്കുകയും സത്യവാങ്മൂലം സമര്പ്പിക്കുകയും വേണം. ഒരു മാസത്തേക്ക് പരാതി സമര്പ്പിക്കാനാവും. ജനുവരി 22 വരെ എസ്ഐആര് പൂരിപ്പിക്കാനുള്ള സമയം നീട്ടിയിട്ടുണ്ട്.
വിദേശത്തുള്ളവര്ക്ക് പേരുവിവരങ്ങള് ചേര്ക്കാന് ഫോം 6 എ നല്കണം. എല്ലാ ഫോമുകളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില് ലഭ്യമാണ്. ബിഎല്ഒമാര് വഴിയും ഫോം പൂരിപ്പിച്ച് നല്കാമെന്ന് രത്തന് ഖേല്ക്കര് പറഞ്ഞു. വിലാസം മാറ്റുന്നതിനും തെറ്റുകള് തിരുത്തുന്നതിനും ഫോം എട്ട് നല്കണം. ഈ ഫോമുകള് എന്ന ലിങ്കില് ലഭ്യമാണ്. ആവശ്യമായ രേഖകള് നല്കാത്ത ആളുകളെ അദാലത്തിന് വിളിക്കുകയാണ് അടുത്ത നടപടി. ഇതിനു ശേഷം കരട് പട്ടികയില് നിന്ന് ഒഴിവാക്കപ്പെടുകയാണെങ്കില് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്ക്ക് ഒന്നാം അപ്പീല് നല്കാം.
ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളില് ചീഫ് ഇലക്ട്രല് ഓഫീസര്ക്ക് രണ്ടാം അപ്പീല് നല്കാവുന്നതാണ്. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിക്കുക. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്ദേശ പത്രിക സമര്പ്പിക്കേണ്ട അവസാന തിയതി വരെ പട്ടികയില് പേര് ചേര്ക്കാനും മാറ്റം വരുത്താനും അവസരമുണ്ട്.
ഹിയറിങില് പരാതി ഉള്ളവര് 15 ദിവസത്തിനകം ജില്ലാ കലക്ടര്ക്ക് അപ്പീല് നല്കേണ്ടതാണ്. ഇതില് പരാതിയുണ്ടെങ്കില് മുപ്പത് ദിവസത്തിനകം ചീഫ് ഇലക്ടറല് ഓഫീസറെ സമീപിക്കാവുന്നതാണ്. കരട് വോട്ടര് പട്ടിക പരിശോധിച്ച് ഓരോരുത്തരും വോട്ടുണ്ടോ എന്ന് ഉറപ്പിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് വ്യക്തമാക്കി.
Content Highlight; The draft voter list has been released; here is how you can add your name if it is missing